ഐസിസി ടി20 ലോകകപ്പ് 2024 ജൂൺ 2 ന് ആരംഭിക്കും. കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് ഇന്ത്യ.എന്നിരുന്നാലും, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡ്, പാകിസ്ഥാൻ എന്നിവരിൽ നിന്നും ഇന്ത്യക്ക് കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും. ഈ ടീമുകളുടെ വിജയത്തിൽ ബാറ്റർമാർ നിർണായക പങ്ക് വഹിക്കും എന്നുറപ്പാണ്.
2022ൽ 296 റൺസ് നേടിയ വിരാട് കോലിയാണ് ഏറ്റവും കൂടുതൽ റൺസ് നേടിയത്.ബാബർ അസം, ജോസ് ബട്ട്ലർ എന്നിവരും വരാനിരിക്കുന്ന ആഗോള ഇവൻ്റിൽ മുൻനിര റൺ സ്കോറർമാരുടെ പട്ടികയിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഈ ലോകകപ്പിൽ രോഹിത് ശർമ്മ ബാറ്റിംഗ് ചാർട്ടിൽ ഒന്നാമതെത്തുമെന്ന് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു കരുതുന്നു.
സ്റ്റാർ സ്പോർട്സുമായുള്ള സംഭാഷണത്തിലാണ് റായിഡു ടീം ഇന്ത്യയുടെ നായകൻ്റെ പേര് പറഞ്ഞത്.ടി20 ലോകകപ്പിൻ്റെ ചരിത്രത്തിൽ ശർമ്മ ഇതുവരെ പട്ടികയിൽ ഒന്നാമതെത്തിയിട്ടില്ല.37-കാരൻ സമീപകാലത്ത് ഫോമിനായി പാടുപെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കിക്കുന്നത്.ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ 400-ലധികം റൺസ് നേടിയെങ്കിലും ടീമിന് ഗുണം ചെയ്തില്ല.
ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് വിരാട് കോലി.27 മത്സരങ്ങളിൽ നിന്ന് 1141 റൺസാണ് വിരാട് നേടിയത്.മഹേല ജയവർധനെ (1016), ക്രിസ് ഗെയ്ൽ (965) എന്നിവർ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.