‘4-1 ന് സ്വന്തമാക്കും’ : ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് ഇതിഹാസ താരം അനിൽ കുംബ്ലെ

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 4-1 ന് രോഹിത് ശർമ്മയും കൂട്ടരും സ്വന്തമാക്കുമെന്ന് ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ. ആദ്യ ടെസ്റ്റ് ഇന്ന് ഹൈദരാബാദിൽ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിച്ച അവസാന ടീമാണ് ഇംഗ്ലണ്ട്, 2012-13 ൽ അവർ 2 -1 ന് പരമ്പര സ്വന്തമാക്കി. അതിനുശേഷം 2016-ലും 2020-21-ലും ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിൽ യഥാക്രമം 4-0, 3-1 മാർജിനിൽ ഇന്ത്യ വിജയിച്ചു.

ഇംഗ്ലണ്ടിൽ നടന്ന അഞ്ച് മത്സരങ്ങളുള്ള പട്ടൗഡി ട്രോഫിയിൽ 2-2 സമനിലയിൽ അവസാനിച്ചതാണ് റെഡ്-ബോൾ ക്രിക്കറ്റിൽ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.”ടെസ്റ്റ് ക്രിക്കറ്റിനോട് ഈ രണ്ട് ടീമുകളും സ്വീകരിക്കുന്ന സമീപനം കാരണം അഞ്ച് ടെസ്റ്റുകളും ഫലങ്ങൾ നൽകുമെന്ന് ഞാൻ കരുതുന്നു. കാലാവസ്ഥ ഇടപെടുന്നില്ലെങ്കിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങൾക്കും ഫലം ഉണ്ടാകും. ഈ പമ്പരയില്‍ ഇംഗ്ലണ്ട് ഒരു ടെസ്റ്റും ഇന്ത്യ നാലു ടെസ്റ്റും ജയിക്കുമെന്നാണ് എന്‍റെ പ്രവചനം” കുംബ്ലെ പറഞ്ഞു.

കുംബ്ലെയുടെ പ്രവചനം യാഥാർത്ഥ്യമായാൽ അത് ഇന്ത്യയുടെ നാട്ടിൽ തുടർച്ചയായ 17-ാം ടെസ്റ്റ് പരമ്പര വിജയമാകും.1994 നവംബർ മുതൽ 2000 നവംബർ വരെയും പിന്നീട് 2004 ജൂലൈ മുതൽ 2008 നവംബർ വരെയും ഓസ്ട്രേലിയ നേടിയ 10 പരമ്പര വിജയങ്ങളാണ് രണ്ടാമത്തെത്.ഇംഗ്ലണ്ടിന്റെ പുതിയ അൾട്രാ അഗ്രസീവ് ബാറ്റിംഗ് ശൈലിയായ ബാസ്‌ബോളിനെക്കുറിച്ച് കുംബ്ലെ സംസാരിച്ചു. ”ഇംഗ്ലണ്ട് ബാസ്കറ്റ് ബോളോ ബസ് ബോളോ എന്ത് വേണമെങ്കിലും കളിച്ചോട്ടെ. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ ഒരിക്കലും അതിജീവിക്കാനായി കളിക്കാനാവില്ല. അതുകൊണ്ടു തന്നെ ഇംഗ്ലണ്ട് ആക്രമിച്ചു കളിക്കാനായിരിക്കും എപ്പോഴും ശ്രമിക്കുക. പക്ഷെ ആക്രമിച്ചു കളിക്കുമ്പോഴും ശരിയായ ബാലൻസ് നലിനിര്‍ത്താന്‍ ശ്രമിക്കേണ്ടതുണ്ട്” കുംബ്ലെ പറഞ്ഞു.

“ബൗണ്ടറികൾ അടിക്കുക എന്ന ഉദ്ദേശത്തോടെ കളിക്കാൻ കഴിയില്ല.ഒരു മികച്ച പ്രതിരോധവും ആവശ്യമാണ്. അത് ഇംഗ്ലണ്ട് ശ്രദ്ധിക്കേണ്ട കാര്യമാണ്.സാഹചര്യങ്ങൾ പരിഗണിക്കാതെ തന്നെഇംഗ്ലീഷ് ബാറ്റർമാർ ബൗളർമാരെ സമ്മർദ്ദത്തിലാക്കാനും ആധിപത്യം സ്ഥാപിക്കാനും ശ്രമിക്കും.ഇന്ത്യൻ ബൗളിംഗ് നിര എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനും ഞങ്ങളെല്ലാം കാത്തിരിക്കുകയാണ്”കുംബ്ലെ കൂട്ടിച്ചേർത്തു.