സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെ വമ്പൻ ജയവുമായി അര്ജന്റീന. സൂപ്പർ താരം ലയണൽ മെസ്സി ഹാട്രിക്ക് നേടിയ മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകളുടെ ജയമാണ് അര്ജന്റീന സ്വന്തമാക്കിയത്. അര്ജന്റീന നേടിയ 6 ഗോളുകളിൽ അഞ്ചിലും മെസ്സിയുടെ കയ്യൊപ്പ് ഉണ്ടായിരുന്നു.
ഹാട്രിക്കിന് പുറമെ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയതും മെസ്സി ആയിരുന്നു. മത്സരത്തിന്റെ 19 ആം മിനുട്ടിൽ മെസ്സിയുടെ ഗോളിൽ അര്ജന്റീന മുന്നിലെത്തി. സഹതാരം ലൗട്ടാരോ മാർട്ടിനെസ് നേടിയെടുത്ത പന്ത് ബൊളീവിയൻ ഗോൾകീപ്പറെ കബളിപ്പിച്ച് വലയിലാക്കി. 43-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസിലൂടെ അര്ജന്റീന ലീഡ് ഉയർത്തി. ലയണൽ മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നായിരുന്നു ഇന്റർ താരത്തിന്റെ ഗോൾ പിറന്നത്.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അര്ജന്റീന ലീഡ് മൂന്നാക്കി ഉയർത്തി.മെസ്സി ബോക്സിലേക്ക് കൊടുത്ത പാസ് മികച്ചൊരു ഫിനിഷിംഗിലൂടെ ജൂലിയൻ അൽവാരസ് ഗോളാക്കി മാറ്റി സ്കോർ 3 -0 ആക്കി ഉയർത്തി. 69 ആം മിനുട്ടിൽ അറ്റ്ലാൻ്റ യുണൈറ്റഡ് താരം തിയാഗോ അൽമാഡയുടെ ഗോളിലൂടെ അര്ജന്റീന ലീഡുയർത്തി. വലതു വിങ്ങിൽ നിന്നും നഹുവൽ മോളിന കൊടുത്ത പാസിൽ നിന്നാണ് താരം ഗോൾ നേടിയത്. 84 ആം മിനുട്ടിൽ മെസ്സി മത്സരത്തിലെ രണ്ടാം ഗോൾ നേടി.
ബോക്സിനു ഉള്ളിൽ നിന്നുള്ള മെസ്സിയുടെ വലം കാൽ ഷോട്ട് ബൊളീവിയൻ കീപ്പറെ മറികടന്ന് വലയിൽ കയറി. രണ്ടു മിനുട്ടിനു ശേഷം മെസ്സി ഹാട്രിക്ക് തികച്ചു. ഇത്തവണ മികച്ചൊരു ഇടംകാൽ ഷോട്ടിലൂടെയാണ് ഗോൾ കണ്ടെത്തിയത്. അർജൻ്റീനയിൽ നിന്നുള്ള തൻ്റെ ഏറ്റവും വിശ്വസ്തരായ ആരാധകർക്ക് മുന്നിൽ മെസ്സി അവസാനമായി കളിച്ചിട്ട് 334 ദിവസങ്ങൾ ആയിട്ടുണ്ടായിരുന്നു.