ഇക്വഡോറിനെ പെനാൽറ്റിയിൽ 4-2ന് തോൽപ്പിച്ച് അർജൻ്റീന കോപ്പ അമേരിക്കയുടെ സെമിയിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് 1-1ന് സമനില വഴങ്ങിയതിനെത്തുടർന്ന് മത്സരം പെനാൽറ്റിയിലേക്ക് കടക്കുകയായിരുന്നു.ഷൂട്ടൗട്ടിൽ നിലവിലെ ചാമ്പ്യൻമാർക്കായി ഗോൾകീപ്പർ എമി മാർട്ടിനെസ് രണ്ട് സേവുകൾ നടത്തിയതിനെത്തുടർന്ന് അർജൻ്റീന കോപ്പ അമേരിക്കയുടെ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു.
സൂപ്പർ താരം ലയണൽ മെസ്സി പെനാൽറ്റി നഷ്ടപെടുത്തിയെങ്കിലും എമി മാർട്ടിനെസിന്റെ മിന്നുന്ന പ്രകടനം അര്ജന്റീന തുണയായി. മത്സരത്തിന്റെ 35-ാം മിനിറ്റിൽ മെസ്സിയെടുത്ത കോർണറിൽ നിന്നും അര്ജന്റീന ലീഡ് നേടി.ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസ് ഹെഡ്ഡറിലൂടെയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഇക്വഡോർ ക്യാപ്റ്റൻ എന്നെർ വലൻസിയ പെനാൽറ്റി നഷ്ടപെടുത്തി ഒപ്പമെത്താനുള്ള അവസരം നഷ്ടപ്പെടുത്തി.
എന്നാൽ കെവിൻ റോഡ്രിഗസിന്റെ ഒരു സ്റ്റോപ്പേജ് ടൈം സമനില ഗോൾ നേടി ഷൂട്ടൗട്ടിലേക്ക് നയിച്ചു. കോപ്പ അമേരിക്ക നോക്കൗട്ട് മത്സരങ്ങളിൽ ഫൈനൽ ഒഴികെ അധിക സമയമില്ല.ഷൂട്ടൗട്ടിൽ അർജൻ്റീനയുടെ ആദ്യ കിക്കെടുത്ത മെസ്സിക്ക് പിഴച്. പന്ത് ക്രോസ്സ് ബാറിൽ തട്ടിത്തെറിച്ചു.എന്നാൽ ഇക്വഡോറിൻ്റെ ആദ്യ രണ്ട് സ്പോട്ട് കിക്കുകൾ മാർട്ടിനെസ് രക്ഷപ്പെടുത്തി.
നിക്കോളാസ് ഒട്ടമെൻഡി നിർണ്ണായകമായ പെനാൽറ്റി ഗോളാക്കി അർജന്റീനയെ സെമിയിലെത്തിച്ചു. സെമിയിൽ വെനസ്വേലയോ കാനഡയോ ആണ് അർജൻ്റീന അടുത്തതായി കളിക്കുക.