വിവാദമായ പുറത്താക്കലിന് ശേഷം അമ്പയറുമായി തർക്കിച്ചതിന് സഞ്ജു സാംസണെതിരെ നടപടിയെടുത്ത് ബിസിസിഐ | Sanju Samson | IPL2024

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിവാദമായ പുറത്താക്കലിനെ ചൊല്ലി അമ്പയര്‍മാരുമായി തർക്കിച്ചതിന്‌ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെതിരെ നടപടിയുമായി ബിസിസിഐ.സഞ്ജു സാംസണിന് മാച്ച് ഫീയുടെ 30% പിഴ ചുമത്തിയിരിക്കുകായണ്‌.സഞ്ജു സാംസണെ വിവാദ തീരുമാനത്തിലൂടെ പുറത്താക്കിയത് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി.എന്നാല്‍ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെങ്കിലും ദൃശ്യങ്ങള്‍ പരിശോധിച്ച ടിവി അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. റീപ്ലേയുടെ ഒരു ആംഗിൾ മാത്രം പരിശോധിച്ചാണ് തേർഡ് അമ്പയർ മൈക്കൽ ഗോഫ് തീരുമാനം എടുത്തത്.

ടിവി അമ്പയര്‍ ക്യാച്ച് വിവിധ കോണുകളില്‍ നിന്ന് പരിശോധിക്കാതെ തിടുക്കത്തില്‍ ഡല്‍ഹിക്ക് അനുകൂലമായി തീരുമാനം നല്‍കി.ഇതില്‍ സഞ്ജു സാംസണ്‍ തൃപ്തനായില്ല. ഡഗൗട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഓണ്‍-ഫീല്‍ഡ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കോളിനെതിരെ ഡിആര്‍എസ് എടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും നിയമങ്ങള്‍ അത് അനുവദിക്കുന്നില്ലെന്ന് അറിയിച്ചു. ഇതിനെ തുടര്‍ന്ന് അസ്വസ്തനായാണ് താരം മൈതാനം വിട്ടത്.

“ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ 56-ാം മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.ഐപിഎൽ പെരുമാറ്റച്ചട്ടത്തിൻ്റെ ആർട്ടിക്കിൾ 2.8 പ്രകാരം സാംസൺ ലെവൽ 1 കുറ്റം ചെയ്തു.പെരുമാറ്റച്ചട്ടത്തിൻ്റെ ലെവൽ 1 ലംഘനങ്ങൾക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമവും നിർബന്ധവുമാണ്, ”ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.

Rate this post