മാർച്ച് 7 മുതൽ ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും തുടർച്ചയായ മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.
റാഞ്ചിയിലെ JSCA ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ അഞ്ച് വിക്കറ്റിൻ്റെ വിജയത്തോടെ പരമ്പര ഇതിനകം തന്നെ നേടിയതിനാൽ അവസാന ടെസ്റ്റിൽ പല പരീക്ഷങ്ങളും ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്നുമുണ്ടാവും. നാല് ടെസ്റ്റുകളിലും ‘ബാസ്ബോൾ’ ശൈലിയെ ഫലപ്രദമായി നേരിടാൻ ഇന്ത്യക്ക് സാധിക്കുകയുക ചെയ്തു. പല പ്രമുഖ താരങ്ങളും ഇല്ലാതെയാണ് ഇന്ത്യയുടെ വിജയം എന്നത് എടുത്തു പറയേണ്ടതാണ്. പരമ്പരയിൽ എല്ലാവരേയും ഏറ്റവും കൂടുതൽ ആകർഷിച്ച ഒരാൾ 22 കാരനായ ഓപ്പണർ യശസ്വി ജയ്സ്വാളാണ്.എട്ട് ടെസ്റ്റുകൾ മാത്രം കളിച്ച ജയ്സ്വാൾ ഇതിനകം തന്നെ ടെസ്റ്റിൽ 1000 റൺസിൻ്റെ നാഴികക്കല്ല് കടക്കുന്നതിന് അടുത്താണ്.
ഇതിനകം രണ്ട് ഡബിൾ സെഞ്ച്വറി നേടിയ താരം അസാധാരണമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.നാല് ടെസ്റ്റുകളിൽ നിന്ന് 93.57 ശരാശരിയിൽ 655 റൺസാണ് യശസ്വി ജയ്സ്വാളിൻ്റെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് എന്ന വിരാട് കോഹ്ലിയുടെ 655 റൺസിന് ഒപ്പമെത്തിയപ്പോൾ ഇടംകൈയ്യൻ ബാറ്റ്സ്മാൻ്റെ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് അദ്ദേഹം ഇതിനകം തകർത്തിട്ടുണ്ട്. ധർമ്മശാലയിലെ സുനിൽ ഗവാസ്കറിൻ്റെ എക്കാലത്തെയും റെക്കോർഡ് തകർക്കാൻ ജയ്സ്വാളിന് അവസരം ലഭിക്കും.
1970-ൽ വെസ്റ്റ് ഇൻഡീസിനെതിരായ തൻ്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ നാല് ടെസ്റ്റുകളിൽ (എട്ട് ഇന്നിംഗ്സുകൾ) ഗവാസ്കർ 774 റൺസ് നേടി. അരങ്ങേറ്റ പരമ്പരയിലെ അദ്ദേഹത്തിൻ്റെ നേട്ടം ഒരു ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നേടിയ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡാണ്. വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയിൽ 1978-79-ൽ സുനിൽ ഗവാസ്കർ 732 റൺസ് നേടി. ഇത് ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാക്കി മാറ്റി.
What a terrific series Yashasvi Jaiswal is having! 🌟#YashasviJaiswal #Cricket #INDvENG #Sportskeeda pic.twitter.com/nLqwj3vNe3
— Sportskeeda (@Sportskeeda) February 24, 2024
പുതിയ റെക്കോർഡ് ഉടമയാകാൻ 110 റൺസ് മാത്രം മതിയെന്നതിനാൽ ഈ രണ്ട് റെക്കോർഡുകളും മറികടക്കാൻ യശസ്വി ജയ്സ്വാളിന് അവസരമുണ്ട്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ 135 റൺസ് നേടിയാൽ, ഒരു ടെസ്റ്റ് പരമ്പരയിൽ 800 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കും.