ഇന്ത്യ – സിംബാബ്‌വെ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ, ഇപ്പോൾ 1-1 എന്ന നിലയിൽ തുടരുകയാണ്. ബുധനാഴ്ചയാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം. കഴിഞ്ഞ രണ്ട് മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ നിന്ന് വ്യത്യസ്തമായി, മൂന്ന് താരങ്ങൾ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
നേരത്തെ നിശ്ചയിച്ചത് പ്രകാരം, ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം അംഗങ്ങളായ സഞ്ജു സാംസൺ, ശിവം ഡ്യൂബെ, യശാവി ജയ്സ്വാൽ എന്നിവർ സിംബാബ്‌വെക്കെതിരെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകും. എന്നാൽ ഇവരിൽ ആർക്കൊക്കെ കളിക്കാൻ അവസരം ലഭിക്കും എന്ന കാര്യത്തിലാണ് ആരാധകർക്കിടയിൽ ആശങ്ക നിലനിൽക്കുന്നത്. ഇക്കാര്യം മാധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അതിന് മറുപടി നൽകിയത് ഇങ്ങനെയാണ്.
“ആദ്യ ഗെയിമിൽ സമ്മർദ്ദം ഉണ്ടായത് യഥാർത്ഥത്തിൽ നല്ലതായിരുന്നു, ഈ ഗെയിമിൽ (രണ്ടാം മത്സരത്തിൽ) എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾക്ക് മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്, ഞങ്ങൾ അവയ്ക്കായി കാത്തിരിക്കുകയാണ്. (സഞ്ജു, ദുബെ, ജയ്‌സ്വാൾ എന്നിവരെ കുറിച്ച് ചോദിച്ചപ്പോൾ) ഓപ്‌ഷനുകൾ ഇല്ലാത്തതിനേക്കാൾ കൂടുതൽ ഓപ്‌ഷനുകൾ ഉള്ളത് എപ്പോഴും നല്ലതാണ്,” ഗിൽ പറഞ്ഞു.
എന്നാൽ, നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ധ്രുവ് ജൂറലിന് പകരം ശേഷിക്കുന്ന മത്സരങ്ങളിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ ആയേക്കും. അതേസമയം, അഭിഷേക് ശർമയും ഋതുരാജ് ഗെയ്ക്വാദും മികച്ച ഫോം തുടരുന്നതിനാൽ യശാവി ജയ്സ്വാൽ കളിക്കാനുള്ള സാധ്യത പരുങ്ങലിലാണ്. ശിവം ഡ്യൂബെക്ക് അവസരം ലഭിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നു.