മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരെന്ന് താൻ വിശ്വസിക്കുന്ന മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഹോൾഡിംഗ് മിഡ്ഫീൽഡറായി കണക്കാക്കുന്ന 31 കാരൻ കഴിഞ്ഞ സീസണിലാണ് റയൽ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തിയത്.
റയൽ മാഡ്രിഡിനൊപ്പം അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് ചാമ്പ്യനായ കാസെമിറോ കഴിഞ്ഞ സീസണിൽ യുണൈറ്റഡിന്റെ ആറ് വർഷത്തെ ട്രോഫി വരൾച്ചയ്ക്ക് കാരബാവോ കപ്പ് നേടികൊടുത്ത് അറുതി വരുത്തിയിരുന്നു.സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ കളിക്കുന്നതിനെക്കുറിച്ചും കാസെമിറോ പറഞ്ഞു.”ലയണൽ മെസ്സി തന്റെ മുദ്ര പതിപ്പിച്ചു. ആർക്കും അത് നിഷേധിക്കാനാവില്ല. ബാഴ്‌സലോണക്കെതിരെയും അർജന്റീനക്കെതിരെയും അദ്ദേഹം എപ്പോഴും ഒരു എതിരാളിയായിരുന്നു.അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാർഗവുമില്ല. എന്നാൽ ഫുട്ബോൾ ഇഷ്ടപ്പെടുന്നവർ മെസ്സിയെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിനെതിരെ കളിക്കുന്നത് സന്തോഷകരമായിരുന്നു” കാസെമിറോ പറഞ്ഞു.
“എന്റെ തലമുറയിലെ മൂന്ന് മികച്ച താരങ്ങൾ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരാണ്. അവരോടൊപ്പം കളിയ്ക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട് ” ബ്രസീലിയൻ പറഞ്ഞു.” ഞാൻ ബ്രസീലിയൻ റൊണാൾഡോയെ കണ്ടു, ഞാൻ സിനദീൻ സിദാനെ കണ്ടു.പക്ഷേ ഒരു സംശയവുമില്ലാതെ ഇവർ മൂന്നു പേരാണ് എന്റെ കാലത്തെ ഏറ്റവും മികച്ച താരങ്ങൾ.ഞാൻ ക്രിസ്റ്റ്യാനോക്കെതിരെ കളിച്ചിട്ടില്ല, ദൈവത്തിന് നന്ദി! അദ്ദേഹം എനിക്ക് നിരവധി പദവികളും വിജയങ്ങളും നൽകി” കാസെമിറോ പറഞ്ഞു .
ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീലിയൻ മിഡ്ഫീൽഡറും സാന്റിയാഗോ ബെർണബ്യൂവിൽ നിരവധി വർഷങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം ഓൾഡ് ട്രാഫോർഡിൽ ഇരുവരും വീണ്ടും ഒത്തു ചേർന്നിരുന്നു.