കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയയോടെ സമനില വഴങ്ങി ബ്രസീൽ. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകളാണ് നേടിയത്. സമനില ആയതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീൽ ക്വാർട്ടറിൽ എത്തിയത്,അവിടെ മികച്ച ഫോമിൽ ഉള്ള ഉറുഗ്വേയാണ് എതിരാളികൾ.
കരുത്തരായ കൊളംബിയക്കെതിരെ കരുതലോടെയാണ് ബ്രസീൽ ആരംഭിച്ചത്. മത്സരത്തിലെ ആദ്യ ഗോളവസരം ലഭിച്ചത് കൊളംബിയക്കായിരുന്നു. എട്ടാം മിനുട്ടിൽ ജെയിംസ് റോഡ്രിഗസ് എടുത്ത ഫ്രീകിക്ക് ക്രോസ്സ് ബാറിൽ തട്ടി തെറിച്ചു. 12 ആം മിനുട്ടിൽ റാഫിഞ്ഞയുടെ മികച്ചൊരു ഫ്രീകിക്ക് ഗോളിൽ ബ്രസീൽ മുന്നിലെത്തി. താരത്തിന്റെ ഇടം കാലൻ ഫ്രീകിക്ക് ഗോൾകീപ്പർക്ക് ഒരു അവസരവും നൽകാതെ വലയിൽ കയറി.16 ആം മിനുട്ടിൽ ജെയിംസ് റോഡ്രിഗസിന്റെ മികച്ചൊരു ഷോട്ട് ബാറിനു മുകളിലൂടെ പോയി.
19 ആം മിനുട്ടിൽ ഡേവിൻസൺ സാഞ്ചസ് നേടിയ ഗോളിലൂടെ കൊളംബിയ സമനില നേടിയെങ്കിലും ഓഫ്‌സൈഡ് കാരണം അത് അനുവദിച്ചില്ല. 43 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിനെ ബോക്സിൽ ഫൗൾ ചെയ്‌തെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.VAR അവലോകനത്തിന് ശേഷവും റഫറിയുടെ തീരുമാനത്തിൽ മാറ്റം ഒന്നും ഉണ്ടായില്ല. ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്നേ മികച്ചൊരു ടീം ഗോളിലൂടെ കൊളംബിയ സമനില ഗോൾ നേടി.ഡാനിയൽ മുനോസ് ആണ് ഗോൾ നേടിയത്.
ആദ്യ പകുതിയിൽ ബോൾ പൊസിഷനിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കൊളംബിയ ബ്രസീലിനേക്കാൾ വളരെ മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീലിന്റെ ഭാഗത്ത് നിന്നും മുന്നേറ്റങ്ങൾ കാണാൻ സാധിച്ചു. 59 ആം മിനുട്ടിൽ റാഫിഞ്ഞയുടെ മികച്ചൊരു ഷോട്ട് പുറത്തേക്ക് പോയി. എന്ന ആദ്യ പകുതിയിൽ എന്ന പോലെ ബ്രസീലിനു താളം കണ്ടെത്താൻ പാടുപെടുന്ന കാഴചയാണ് കാണാൻ സാധിച്ചത്. കൊളംബിയ ഗോൾ അവസരങ്ങൾ സൃഷ്ടിച്ച് ബ്രസീലിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി.
Daniel Muñoz y el empate cafetero 🇨🇴 pic.twitter.com/4XvptsZ6fs
— CONMEBOL Copa América™️ (@CopaAmerica) July 3, 2024
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വിജയ ഗോൾ നേടാൻ ഇരു ടീമുകളും അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. സമനിലയോടെ കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടർ ഫൈനലിൽ കടന്നു . പനാമ ആയിരിക്കും ക്വാർട്ടർ ഫൈനലിൽ കൊളമ്പിയയുടെ എതിരാളികൾ. രണ്ടാം സ്ഥാനം നേടിയ ബ്രസീൽ ഉറുഗ്വേയെ നേരിടും.