അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ഈജിപ്ഷ്യൻ വമ്പൻമാരായ സമലേക്കിനെതിരായ മത്സരത്തിൽ 87-ാം മിനിറ്റിൽ സമനില ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ രക്ഷകനായി മാറിയിരിക്കുകയാണ്.
ആ ഗോൾ അൽ നാസറിന് ഒരു പോയിന്റ് ഉറപ്പിക്കുകയും അറബ് ക്ലബ് കപ്പിന്റെ ക്വാർട്ടറിലേക്ക് സൗദി ക്ലബ്ബിനെ കൊണ്ട് പോവുകയും ചെയ്തു. മത്സരത്തിൽ ക്രിസ്റ്റ്യാനോ തന്റെ ഹെഡ്ഡർ ഗോളിലൂടെ ഒരു പുതിയ റെക്കോർഡ് തകർക്കുകയും ചെയ്തു. ജർമ്മൻ സ്‌ട്രൈക്കർ, ഗെർഡ് മുള്ളർ എന്ന ‘ഡെർ ബോംബർ’ നേടിയ റെക്കോർഡാണ് 38 കാരനായ റൊണാൾഡോ തകർത്തെറിഞ്ഞത്.ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹെഡ്ഡർ ഗോളുകൾ നേടിയ കളിക്കാരനായി ക്രിസ്റ്റ്യാനോ മാറി.
മുള്ളറുടെ 144 ഹെഡഡ് ഗോളുകളുടെ റെക്കോർഡ് മറികടക്കാൻ ഒരാൾക്ക് 42 വർഷമെടുത്തു. സമലേക്കിനെതിരായ ഗോളോടെ 145 ഗോളുമായി പോർച്ചുഗീസ് പട്ടികയിൽ ഒന്നാമതെത്തി.റൊണാൾഡോയുടെ കരിയറിലെ 840-ാം ഗോളായിരുന്നു അത്.തന്റെ ഇഷ്ടപ്പെട്ട വലത് കാൽ ഉപയോഗിക്കാതെ സ്കോർ ചെയ്ത 300 മത്തെ ഗോൾ കൂടിയായിരുന്നു ഇത്.
അടുത്ത ഞായറാഴ്ച അബഹയിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൾ അസീസ് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അൽ നാസർ മൊറോക്കോയുടെ രാജാ കാസബ്ലാങ്കയെ നേരിടും.
ക്രിസ്റ്റ്യാനോ റൊണാൾഡോ – 145 ഗോളുകൾ
ഗെർഡ് മുള്ളർ – 144 ഗോളുകൾ
കാർലോസ് സാന്റില്ലാന – 125 ഗോളുകൾ
പെലെ – 124 ഗോളുകൾ