ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, വിജയം തുടർന്ന് പോർച്ചുഗൽ : എംബാപ്പയുടെ ഇരട്ട ഗോളിൽ നെതർലൻഡ്‌സിനെ വീഴ്ത്തി ഫ്രാൻസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളിൽ സ്വന്തം തട്ടകത്തിൽ സ്ലൊവാക്യയെ കീഴടക്കി തുടർച്ചയായ എട്ടാം യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി പോർച്ചുഗൽ. രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.പോർട്ടോയിൽ നടന്ന മത്സരത്തിൽ ഗോൺകാലോ റാമോസിന്റെ ഓപ്പണിംഗ് ഗോളിന് പിന്നാലെ റൊണാൾഡോയുടെ ഇരട്ട ഗോളുകളും പിറന്നതോടെ ഗ്രൂപ്പ് ജെയിലെ എല്ലാ മത്സരങ്ങളും പോർച്ചുഗൽ വിജയിച്ചു.

എട്ടാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്നും നെയ്ദ്യ ഗോളിൽ റാമോസ് പോർച്ചുഗലിന്റെ മുന്നിലെത്തിച്ചു.ഈ ഗോൾ വെറും ഒമ്പത് മത്സരങ്ങളിൽ റാമോസിന്റെ ഏഴാമത്തെ ഗോളും ഫെർണാണ്ടസിന്റെ ആറാമത്തെ അസിസ്റ്റും ആയി. 26-ാം മിനിറ്റിൽ ഫെർണാണ്ടസിന് സ്‌കോർ ഇരട്ടിയാക്കാൻ അവസരം ലഭിച്ചെങ്കിലും കീപ്പർ ദുബ്രാവ്ക ഒറ്റക്കൈ കൊണ്ട് മികച്ചൊരു സേവ് നടത്തി.29-ാം മിനിറ്റിൽ സ്ലോവാക്യൻ താരത്തിന്റെ ഹാൻഡ് ബോളിൽ നിന്നും പോർച്ചുഗലിന് പെനാൽറ്റി ലഭിച്ചു.കിക്കെടുത്ത റൊണാൾഡോ ഒരു പിഴവും കൂടാതെ വലയിലാക്കി.

2004 യൂറോയിൽ ഗ്രീസിനെതിരെ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടിയ അതേ വേദിയിൽ പോർച്ചുഗലിനായി തന്റെ 124-ാം ഗോൾ നേടി.69-ാം മിനിറ്റിൽ ഡേവിഡ് ഹാങ്കോയിലൂടെ സ്ലോവാക്യ ഒരു ഗോൾ മടക്കി.72-ാം മിനിറ്റിൽ അൽ നാസറിന്റെ ഫോർവേഡിന്റെ രണ്ടാം ഗോൾ 202 മത്സരങ്ങളിൽ നിന്ന് 125 എന്ന ലോക റെക്കോർഡിലെത്തി. 80 ആം മിനിറ്റിൽ സ്റ്റാനിസ്ലാവ് ലോബോട്ട്ക സ്ക്ലോവാക്യക്കായി ഒരു ഗോൾ കൂടി നേടിയെങ്കിലും പരാജയം ഒഴിവാക്കാൻ സാധിച്ചില്ല.

ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം കൈലിയൻ എംബാപ്പെയുടെ ഇരട്ട ഗോളിന്റെ മികവിൽ ഫ്രാൻസ് നെതർലൻഡ്‌സിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ഫ്രാൻസ് നേടിയത്. വിജയത്തോടെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത ഉറപ്പാക്കാൻ ഫ്രാൻസിന് സാധിച്ചു. പാരീസ് സെന്റ് ജെർമെയ്‌നിനായി നാല് മത്സരങ്ങളിൽ സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 24 കാരനായ ഫ്രാൻസ് ക്യാപ്റ്റന് മേൽ വലിയ വിമര്ശനം ഉയർന്നിരുന്നു.

എന്നാൽ ജോഹാൻ ക്രൈഫ് അരീനയിൽ നേടിയ ഇരട്ട ഗോളുകൾ വിമര്ശകരുടെ വായയടപ്പിച്ചിരിക്കുകയാണ്.ഏഴാം മിനിറ്റിൽ നേടിയ ഗോളിൽ എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു.എംബാപ്പെയുടെ 41-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.53-ാം മിനിറ്റിൽ നെതർലൻഡ്‌സിന്റെ പെനാൽറ്റി ഏരിയയുടെ അരികിൽ വെച്ച് അഡ്രിയൻ റാബിയോട്ടുമായി പാസുകൾ കൈമാറി നേടിയ ഗോളിൽ എംബാപ്പെ ലീഡ് ഇരട്ടിയാക്കി.

83 ആം മിനുട്ടിൽ ഫെയ്‌നൂർദ് മിഡ്‌ഫീൽഡർ ക്വിലിൻഡ്‌സ്‌ച്ചി ഹാർട്ട്‌മാൻ നെതർലൻഡ്‌സിനായി ഒരു ഗോൾ മടക്കി.ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാൻസ് യോഗ്യതാ ഗ്രൂപ്പിൽ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. 6 മത്സരങ്ങളിൽ നിന്നും 6 ജയവുമായി ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാമതാണ്. 12 പോയിന്റുമായി ഗ്രൻസ് രണ്ടാമതും അഞ്ചു മത്സരങ്ങളിൽ നിന്നും 9 പോയിന്റുമായി നെതർലൻഡ്‌സ് മൂന്നാമതുമാണ്.

Rate this post
Cristiano Ronaldo