ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ കൊടുങ്കാറ്റായി ജസ്പ്രീറ്റ് ബൂമ്ര. 230 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനെ, അഞ്ചാം ഓവറിൽ 2 വിക്കറ്റുകൾ സ്വന്തമാക്കിയാണ് ബൂമ്ര പ്രതിരോധത്തിൽ ആക്കിയത്. ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ബാറ്റർ ഡേവിഡ് മലാനെ പുറത്താക്കിയാണ് ബൂമ്ര തന്റെ സംഹാരം ആരംഭിച്ചത്.
തൊട്ടടുത്ത പന്തിൽ തന്നെ ഇംഗ്ലണ്ടിന്റെ കരുത്തനായ ബാറ്റർ റൂട്ടിനെയും ബുമ്ര വിക്കറ്റിനു മുൻപിൽ കുടുക്കുകയുണ്ടായി. ഇതോടെ മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ ആധിപത്യം തന്നെയാണ് ലഭിച്ചിരിക്കുന്നത്.മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ അഞ്ചാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ബൂമ്ര ഡേവിഡ് മലാനെ പുറത്താക്കിയത്. ഒരു ഷോട്ട് ലെങ്ത് ബോളായിരുന്നു ബുമ്ര മലാനെതിരെ എറിഞ്ഞത്. മലാൻ പന്ത് സ്ക്വയർ കട്ട് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഇൻസൈഡ് എഡ്ജിൽ കൊണ്ട് പന്ത് സ്റ്റമ്പിൽ പതിക്കുകയാണ് ഉണ്ടായത്.
ഇത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകിയത്. മത്സരത്തിൽ ചില മികച്ച ഷോട്ടുകൾ കളിക്കാൻ മലാന് സാധിച്ചിരുന്നു. ശേഷമാണ് ബൂമ്ര മലാനെ കൂടാരം കേറ്റിയത്. മത്സരത്തിൽ 17 പന്തുകളിൽ 16 റൺസാണ് മലാൻ നേടിയത്.തൊട്ടടുത്ത പന്തിൽ തന്നെ ജോ റൂട്ടിനെയും ബുമ്ര പുറത്താക്കുകയുണ്ടായി. ഗോൾഡൻ ഡക്കായി ആണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായിരുന്ന റൂട്ട് കൂടാരം കയറിയത്. കൃത്യമായി ലെങ്ത്തിൽ പിച്ച് ചെയ്ത് വന്ന പന്ത് റൂട്ടിന്റെ പ്രതിരോധം ഭേദിച്ച് പാഡിൽ കൊള്ളുകയായിരുന്നു.
അമ്പയർ ഇത് ഔട്ട് വിധിച്ചെങ്കിലും റൂട്ട് റിവ്യൂ ചെയ്യാൻ തയ്യാറായി. റിവ്യൂവിൽ കൃത്യമായി പന്ത് സ്റ്റമ്പിൽ പതിക്കുന്നുണ്ടായിരുന്നു. ഇതോടെ റൂട്ടും മത്സരത്തിൽ കൂടാരം കയറി. ഇങ്ങനെ നിർണായകമായ സമയത്ത് ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകളാണ് ബൂമ്രാ സംഭാവന ചെയ്തിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമയുടെ മികവിലാണ് 229 എന്ന സ്കോറിൽ എത്തിയത്.