ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റിലെ തന്റെ സ്ഥാനം ഉറപ്പിച്ച് ധ്രുവ് ജൂറൽ | Dhruv Jurel

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയ എയ്‌ക്കെതിരെ ശനിയാഴ്ച നടന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എയ്‌ക്ക് 6 വിക്കറ്റിൻ്റെ തോൽവി.ക്വീൻസ്‌ലൻഡിൽ നടന്ന ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ 7 വിക്കറ്റിൻ്റെ തോൽവിയും ഇന്ത്യ നേരിട്ടു.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിക്കായി തിരഞ്ഞെടുത്ത അഞ്ച് ഇന്ത്യൻ താരങ്ങൾ, കെ എൽ രാഹുൽ, അഭിമന്യു ഈശ്വരൻ, ധ്രുവ് ജുറൽ, നിതീഷ് കുമാർ റെഡ്ഡി, പ്രശസ്ത് കൃഷ്ണ എന്നിവർ ഇന്ത്യ എയുടെ തോൽവികളിൽ ഭാഗമായിരുന്നു.

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ഇരട്ട അർധസെഞ്ചുറികൾ നേടി ധ്രുവ് ജൂറൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് കളിക്കാനുള്ള തൻ്റെ സാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പർ ബാറ്റർ രണ്ടാം ഇന്നിംഗ്‌സിൽ 68 റൺസും ആദ്യ ഇന്നിങ്സിൽ 80 റൺസും നേടി പെർത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് എത്തുമെന്ന് ഉറപ്പായി.ആദ്യ ഇന്നിങ്സിൽ 186 പന്തുകൾ നേരിട്ട അദ്ദേഹം 6 ഫോറും രണ്ട് സിക്‌സറുകളും നേടി.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 23 കാരനായ ജുറെൽ മാത്രമാണ് അമ്പതിലധികം കടന്ന ഇന്ത്യൻ താരം. ബ്യൂ വെബ്‌സ്റ്റർ, നഥാൻ മക്ആൻഡ്രൂ, മൈക്കൽ നെസർ, സ്കോട്ട് ബോലാൻഡ് എന്നിവരുടെ വേഗതയ്‌ക്കെതിരെ അദ്ദേഹം പിടിച്ചു നിന്നു.കൂടാതെ ഓസ്‌ട്രേലിയ എയുടെ പ്രീമിയർ സ്‌പിന്നർ കോറി റോച്ചിക്കോളിയെയും അനായാസം കളിച്ചു.ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിലേക്ക് ജൂറലിനെ ഡ്രാഫ്റ്റ് ചെയ്താൽ, അത് വലിയ അത്ഭുതമായി കാണില്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനം അത്ര മികച്ചതെയിരുന്നു.കെ എൽ രാഹുലിന് 4, 10 സ്‌കോറുകൾ മാത്രമാണ് നേടാൻ സാധിച്ചത്.റിസർവ് ഓപ്പണർ അഭിമന്യു ഈശ്വരന് 0, 17 റൺസ് മാത്രമേ നേടാനായുള്ളൂ.

ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 0, 12 റൺസ് നേടിയതിന് ശേഷമാണ് ന്യൂസിലൻഡിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റിൽ രാഹുൽ ബെഞ്ചിലായത്. ആദ്യ ടെസ്റ്റിൽ 150 റൺസ് നേടിയ സർഫറാസ് ഖാന് അദ്ദേഹം വഴിയൊരുക്കി. രാഹുലിന് കഴിവ് തെളിയിക്കാൻ അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്‌സിലെ പുറത്താകൽ വലിയ വിമര്ശനം വരുത്തി വെക്കുകയും ചെയ്തു.

സർഫറാസിൻ്റെ മോശം ഫോം രാഹുലിന് പ്രതീക്ഷ നൽകുന്നുണ്ട്.അദ്ദേഹത്തിൻ്റെ അവസാന നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 21 റൺസ് മാത്രമാണ് വഴങ്ങിയത്, അതിനാൽ ആദ്യ ടെസ്റ്റിൽ അദ്ദേഹം ഇന്ത്യയുടെ ഇലവൻ്റെ ഭാഗമാകുമെന്ന് ഉറപ്പില്ല.പരമ്പരയിലെ ആദ്യ ടെസ്റ്റ് നവംബർ 22ന് ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടക്കും.

Rate this post