ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഒരു റണ്ണിന്റെ വേദനാജനകമായ തോൽവി ഏറ്റുവാങ്ങി.ഫാഫ് ഡു പ്ലെസിസിൻ്റെ നേതൃത്വത്തിലുള്ള ടീം തുടർച്ചയായ തോൽവികൾക്ക് അറുതിവരുത്തിയെന്ന് തോന്നിച്ചെങ്കിലും ഒടുവിൽ ഒരു റണ്ണിന് വീണു.
ആദ്യം ബാറ്റ് ചെയ്ത കെകെആർ 6 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് ആണ് നേടിയത്.14 പന്തിൽ 48 റൺസെടുത്ത ഫിൽ സാൾട്ടാണ് കൂറ്റൻ സ്‌കോറിന് അടിത്തറയിട്ടത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നേടിയ അർധസെഞ്ചുറി നേടിയപ്പോൾ ആന്ദ്രെ റസ്സലും രമൺദീപ് സിങ്ങും തുടർച്ചയായി രണ്ടാം തവണയും ആതിഥേയരെ 220-ലധികം സ്‌കോറിലെത്തിച്ചു. റസൽ 20 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നപ്പോൾ രമൺദീപ് ഒമ്പത് പന്തിൽ 24 റൺസെടുത്തു.മറുപടി ബാറ്റിംഗിൽ വിരാട് കോഹ്‌ലിയുടെയും ഫാഫ് ഡു പ്ലെസിസിൻ്റെയും വിക്കറ്റുകൾ പവർപ്ലേയ്‌ക്കുള്ളിൽ ആർസിബിക്ക് നഷ്‌ടമായി, വിൽ ജാക്‌സിൻ്റെയും രജത് പട്ടീദാറിൻ്റെയും അർദ്ധ സെഞ്ചുറികൾ അവർക്ക് പ്രതീക്ഷകൾ നൽകി.
11-ാം ഓവർ അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എന്ന നിലയിലായിരുന്നു ആർസിബി. എന്നാൽ 12-ാം ഓവറിൽ ജാക്‌സിനെയും പാട്ടിദാറിനെയും പുറത്താക്കി റസ്സൽ കളിയെ തലകീഴായി മാറ്റി. അവസാന ഓവറിൽ രണ്ട് വിക്കറ്റ് ശേഷിക്കെ 21 റൺസാണ് ആർസിബിക്ക് വേണ്ടിയിരുന്നത്.കർൺ ശർമ്മ ആദ്യ നാല് പന്തിൽ മിച്ചൽ സ്റ്റാർക്കിനെ മൂന്ന് സിക്‌സറുകൾ പറത്തി 2 പന്തിൽ നിന്നും മൂന്നു റൺസാക്കി മാറ്റി. എന്നാൽ അവസാന രണ്ട് പന്തിൽ ഒരു റൺസ് മാത്രം നേടുന്നതിനിടെ ബംഗളുരുവിനു രണ്ട് വിക്കറ്റ് നഷ്ടമായി. തോൽവിക്ക് പിന്നാലെ ദിനേശ് കാർത്തിക്കിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ.
വലംകൈയ്യൻ ബാറ്റ്സ്മാൻ മത്സരത്തിൽ 18 പന്തിൽ 25 റൺസ് നേടി 19-ാം ഓവറിലെ അവസാന പന്തിൽ പുറത്തായി.എന്നാൽ അവസാനം വരെ നിൽക്കാൻ കഴിയാതെ വന്നതിന് ആരാധകർ ദിനേശ് കാർത്തിക്കിനോട് ദേഷ്യപ്പെട്ടില്ല. 19-ാം ഓവറിൽ കർൺ ശർമ്മയ്ക്ക് സ്ട്രൈക്ക് നൽകാത്തതിന് അവർ അദ്ദേഹത്തെ വിമർശിച്ചു.അവസാന ഓവറിൽ മൂന്ന് സിംഗിൾസ് അദ്ദേഹം നിരസിച്ചു, ഇത് തോൽവിക്ക് കാരണമായി തീരുകയും ചെയ്തു.അദ്ദേഹം കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തുകയും ടീമംഗമായ കരണ്‍ ശര്‍മയില്‍ വിശ്വസിക്കുകയും ചെയ്തിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു.
ഈ തോൽവി ആർസിബിയുടെ പ്ലേഓഫിലേക്കുള്ള ചെറിയ സാധ്യതകൾ അവസാനിപ്പിച്ചു. എട്ട് കളികളിൽ അവരുടെ ഏഴാം തോൽവിയാണിത്.ഇപ്പോൾ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. അതേസമയം ഏഴ് കളികളിൽ നിന്ന് അഞ്ച് ജയവുമായി കെകെആർ രണ്ടാം സ്ഥാനത്താണ്.