ഏകദിന ലോകകപ്പിന് ഇന്ന് കൊടിയേറ്റം , ഉത്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും|World Cup 2023

ക്രിക്കറ്റ്‌ ലോകം ആവേശപൂർവ്വം കാത്തിരിക്കുന്ന ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് 2023ന് ഇന്ന് തുടക്കം. ഇന്ന് ആദ്യത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ശക്തരായ ന്യൂസീലാൻഡ് ടീമിനെ നേരിടും.കഴിഞ്ഞ തവണ 2019ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകൾ ഇത്തവണ ആദ്യത്തെ മാച്ചിൽ പോരാടുമ്പോൾ മത്സരം പൊടി പാറും എന്നത് ഉറപ്പാണ്. മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കും.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് ഉത്ഘാടന മത്സരം നടക്കുന്നത്.2019ലെ ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും തുല്യത പാലിച്ചിട്ടും ബൗണ്ടറി കണക്കില്‍ കിരീടം കൈവിടേണ്ടിവന്നതിന്‍റെ കണക്കു തീര്‍ക്കാനാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്.1996 ലെ വിൽസ് ലോകകപ്പിൽ അന്ന് സർദാർ പട്ടേൽ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെതിരെ 11 റൺസിന്റെ നേരിയ മാർജിനിൽ വിജയിച്ചു.ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ ഇതുവരെ 95 ഏകദിനങ്ങൾ നടന്നിട്ടുണ്ട്. ഇംഗ്ലണ്ട് ന്യൂസിലൻഡിനെ 45 തവണ തോൽപ്പിച്ചപ്പോൾ കിവീസ് 44 തവണ വിജയിച്ചു.

ഇന്ത്യയിലെ പത്ത് നഗരങ്ങളിലായാണ് ലോകകപ്പിന്റെ 13-ാം പതിപ്പിലെ മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യ പൂര്‍ണമായും ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ലോകകപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഒന്നാം റാങ്കുകാരായ ഇന്ത്യ തന്നെയാണ് ഇത്തവണത്തെ ലോകകപ്പ് ഫേവറിറ്റുകള്‍. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം. നവംബര്‍ 15ന് മുംബൈയിലും 16ന് കൊല്‍ക്കത്തയിലുമാണ് സെമി ഫൈനല്‍. നവംബര്‍ 19ന് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഫൈനൽ നടക്കും.

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോസ് ബട്ട്‌ലർ (സി), മൊയിൻ അലി, ഗസ് അറ്റ്കിൻസൺ, ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, സാം കുറാൻ, ലിയാം ലിവിംഗ്‌സ്റ്റൺ, ഡേവിഡ് മലൻ, ആദിൽ റഷീദ്, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ക്രിസ് വോക്‌സ്

കിവീസ് സ്‌ക്വാഡ്: കെയ്ൻ വില്യംസൺ (സി), ട്രെന്റ് ബോൾട്ട്, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലാതം, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്‌സ്, റാച്ചിൻ രവീന്ദ്ര, മിച്ച് സാന്റ്‌നർ, ഇഷ് സോധി, ടിം സൗത്ത്