പെനാൽറ്റി നഷ്ടപ്പെടുത്തി റൊണാൾഡോ , പെനാൽറ്റി തടുത്ത് ഹീറോയായി കോസ്റ്റ : സ്ലോവേനിയയെ കീഴടക്കി പോർച്ചുഗൽ യൂറോ ക്വാർട്ടറിൽ | Euro 2024

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിൽ സ്ലൊവേനിയയെ കീഴടക്കി പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടറിൽ കടന്നിരിക്കുകയാണ്.നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. എക്സ്ട്രാ ടൈമിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.

ഗോൾകീപ്പർ ഡിയോഗോ കോസ്റ്റ മൂന്ന് പെനാൽറ്റികളും രക്ഷപ്പെടുത്തി പോർച്ചുഗലിന്റെ ഹീറോ ആയി മാറി.ഷൂട്ടൗട്ടിൽ ജോസിപ് ഇലിസിച്ച്, ജൂറെ ബാൽകോവെക്, ബെഞ്ചമിൻ വെർബിക് എന്നിവരുടെ കെക്വിക്ക് ആണ് കോസ്റ്റ രക്ഷപ്പെടുത്തിയത്.ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 എന്ന വിജയത്തോടെ പോര്‍ച്ചുഗല്‍ കിരീടപ്പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിലെത്തി. മത്സരത്തിലുടനീളം റൊണാള്‍ഡോയും സംഘവും കിടിലന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്ലൊവേനിയന്‍ പ്രതിരോധത്തെ ഭേദിച്ച് ലക്ഷ്യത്തിലെത്താനായില്ല.

പോര്‍ച്ചുഗീസ് മുന്നേറ്റനിര തുടര്‍ച്ചയായി സ്ലൊവേനിയന്‍ ഗോള്‍മുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. ഗോള്‍ നേടാനായില്ലെങ്കിലും ആദ്യപകുതിയില്‍ ഒരു ഫ്രീകിക്ക് ഉള്‍പ്പടെ റൊണാള്‍ഡോയും കളംനിറഞ്ഞു.എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ അവസാനത്തിൽ പോർച്ചുഗലിന് പെനാൽറ്റി ലഭിച്ചു.ഡിയോഗോ ജോട്ടയുടെ ബോക്‌സിനുള്ളിൽ ഡിഫൻഡർ ഡ്രകുസിച്ച് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്.കിടിലന്‍ ഡൈവിലൂടെ റൊണാള്‍ഡോയുടെ പെനാല്‍റ്റി കിക്ക് സ്ലൊവേനിയന്‍ ഗോള്‍ കീപ്പര്‍ ഒബ്ലാക്ക് തടുത്തിട്ടു.

പിന്നീട് അവസാന നിമിഷം വരെ പോര്‍ച്ചുഗല്‍ വിജയഗോളിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തിയത്.അവസരം നഷ്ടപ്പെടുത്തിയതിന്റെ കുറ്റബോധത്തിൽ റോണോ പൊട്ടിക്കരഞ്ഞു. സഹ താരങ്ങൾ നായകനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ സ്ലോവേനിയക്കും കിട്ടി ഒരു സുവർണാവസരം. ​ഗോൾ കീപ്പർ കോസ്റ്റ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം പക്ഷം ബെഞ്ചമിൽ സെസ്കോ നഷ്ടപ്പെടുത്തി.

Rate this post