ഓപ്പണറായി തിളങ്ങി സഞ്ജു സാംസൺ , ആദ്യ ടി20 യിൽ 7 വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ | India | Bangladesh

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടി 20 യിൽ 7 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ . ബംഗ്ലാദേശ് ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം 11.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണും സൂര്യകുമാർ യാദവും 29 റൺസ് വീതം നേടി.ഹർദിക് പാണ്ട്യ 39 റൺസുമായും, അരങ്ങേറ്റക്കാരൻ നിതീഷ് റാണ 16 റൺസുമായി പുറത്താകാതെ നിന്നു.

ഓപ്പണറായി ഇറങ്ങിയ സഞ്ജു മികച്ച ഷോട്ടുകളുമായാണ് തുടങ്ങിയത്.ഫസ്റ്റ് ഓവറിൽ തന്നെ മനോഹരമായ രണ്ട് ഡ്രൈവ് കളിച്ചു രണ്ട് ഫോറുകൾ നേടിയ സഞ്ജു സാംസൺ അനായാസമാണ് ബംഗ്ലാദേശ് ബൗളർമാരെ നേരിട്ടത്. എന്നാൽ എട്ടാം ഓവറിൽ വൻ ഷോട്ടിന് വേണ്ടിയുള്ള സഞ്ജുവിന്റെ ശ്രമം പാളുകയും വിക്കറ്റ് നഷ്ടമാക്കി. 19 ബോളിൽ 6 ഫോർ അടക്കം 29 റൺസ് നേടി പുറത്തായി.

ആദ്യ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 127 റൺസാണ് നേടിയത്. 35 റൺസ് നേടിയ മെഹിദി ഹസൻ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി അർഷ്ദീപ് സിംഗ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മായങ്കിനൊപ്പം വാഷിംഗ്ടണ്‍ സുന്ദര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.മത്സരത്തിൽ തകർച്ചയോടെയാണ് ബംഗ്ലാദേശ് ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ 4 റൺസ് നേടിയ ലിറ്റൻ ദാസിനെ അർഷ്ദീപ് സിംഗ് റിങ്കു സിംഗിന്റെ കൈകളിലെത്തിച്ചു.

മൂന്നാം ഓവറിൽ സ്കോർ ബോര്ഡില് 14 റൺസ് ആയപ്പോൾ ഓപണർ പർവേസ് ഹൊസൈൻറെ വിക്കറ്റും അർഷ്ദീപ് സിംഗ് സ്വന്തമാക്കി. 8 റൺസ് നേടിയ താരത്തെ അർഷ്ദീപ് സിംഗ് ക്ലീൻ ബൗൾഡ് ചെയ്തു. സ്കോർ 40 ആയപ്പോൾ 12 റൺസ് നേടിയ തൗഹീദ് ഹൃദോയിയെ വരുൺ ചക്രവർത്തി പുറത്താക്കി. മൂന്നു റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഒരു റൺസ് നേടിയ മഹ്മൂദുള്ളയെ മായങ്ക് യാദവ് പുറത്താക്കി. സ്കോർ 57 ആയപ്പോൾ ജാക്കർ അലിയെയും വരുൺ ചക്രവർത്തി പുറത്താക്കി.

12 ഓവറിൽ സ്കോർ 75 ൽ നിൽക്കെ നായകൻ ഷാന്റോയേയും ബംഗ്ലാദേശിന് നഷ്ടമായി.27 റൺസ് നേടിയ താരത്തെ വാഷിംഗ്‌ടൺ സുന്ദർ സ്വന്തം ബൗളിങ്ങിൽ പിടികൂടി. 93 ൽ നിൽക്കെ ബംഗ്ളദേശിന്‌ ഏഴാം വിക്കറ്റും നഷ്ടമായി.11 റൺസ് നേടിയ റിഷാദ് ഹൊസൈനെ വരുൺ ചക്രവർത്തി പുറത്താക്കി. സ്കോർ 116 ആയപ്പോൾ ബംഗ്ലാദേശിന് എട്ടാം വിക്കറ്റ് നഷ്ടമായി. പിന്നാലെ ഒൻപതാം വിക്കറ്റും നഷ്ടമായി.മുസ്തഫിസുര്‍ റഹ്മാന്‍ (1) അര്‍ഷ്ദീപിന്റെ യോര്‍ക്കറില്‍ ബൗള്‍ഡായി.

Rate this post