‘ടോസ് നേടി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതിൽ ഇന്ത്യയ്ക്ക് പിഴവ് സംഭവിച്ചു’: മൂന്നാം ടെസ്റ്റിലെ രോഹിത് ശർമ്മയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഓസീസ് താരം | India | Australia

ഗാബയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഓസ്‌ട്രേലിയയെ ആദ്യം ബാറ്റ് ചെയ്യാൻ ക്ഷണിച്ചു. എന്നാൽ രോഹിതിന്റെ ഈ തീരുമാനത്തെ മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീ ചോദ്യം ചെയ്തു. മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ ഈർപ്പവുമാണ് ആദ്യം ബൗൾ ചെയ്യാൻ എടുത്ത തീരുമാനത്തിന് കാരണമെന്ന് രോഹിത് പറഞ്ഞിരുന്നു.പുതിയ പിച്ചും സാഹചര്യങ്ങളും പ്രയോജനപ്പെടുത്താൻ ഇന്ത്യൻ ടീം ആഗ്രഹിച്ചു. പക്ഷേ ലീ തൃപ്തനായില്ല.

“ഈ ടെസ്റ്റിൽ ആദ്യം ബൗൾ ചെയ്‌ത ഇന്ത്യയ്ക്ക് തെറ്റ് പറ്റിയെന്ന് ഞാൻ കരുതുന്നു. മത്സരം പുരോഗമിക്കുമ്പോൾ ഉപരിതലം കഠിനമാവുകയും ബാറ്റിംഗ് ബുദ്ധിമുട്ടാകുകയും ചെയ്യും. ശേഷിക്കുന്ന ഇന്നിംഗ്‌സുകളിൽ ബാറ്റർമാർ ബുദ്ധിമുട്ടുന്നത് കാണും, നാലാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്നത് ഇവിടെ ഒരിക്കലും എളുപ്പമല്ല. ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാൻമാർ ബുദ്ധിമുട്ടുകയാണ്, ഓസീസ് ഫാസ്റ്റ് ബൗളർമാർക്ക് നല്ലതായിരിക്കും,” ബ്രെറ്റ് ലീ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

ഇന്ത്യ അവരുടെ പ്ലേയിംഗ് ഇലവനിൽ രണ്ട് മാറ്റങ്ങൾ വരുത്തി, രവിചന്ദ്രൻ അശ്വിനും ഹർഷിത് റാണയ്ക്കും പകരം രവീന്ദ്ര ജഡേജയും ആകാശ് ദീപും ടീമിലെത്തി . ഓസ്‌ട്രേലിയക്കായി ജോഷ് ഹേസിൽവുഡ് സ്‌കോട്ട് ബൊലാൻ്റിന് പകരം ടീമിലെത്തി.ലഞ്ചിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സെടുത്തിട്ടുണ്ട്. നഥാന്‍ മക്സ്വീനി (4) ഉസ്മാന്‍ ഖ്വാജ (19) എന്നിവരാണ് ക്രീസില്‍. മഴയെത്തുടര്‍ന്ന് രണ്ടുതവണ മത്സരം നിര്‍ത്തിവെക്കേണ്ടിയും വന്നു.

ഗബ്ബാ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത് (WK), രോഹിത് ശർമ (c), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്

ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: ഉസ്മാൻ ഖവാജ,നഥാൻ മക്‌സ്വീനി,മാർനസ് ലാബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസിൽവുഡ്.

Rate this post