ഇന്ത്യൻ ക്രിക്കറ്റ് ടീം 2024 മികച്ച രീതിയിലാണ് ആരംഭിച്ചത്.ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതിന് ശേഷം അമേരിക്ക-വെസ്റ്റ് ഇൻഡീസിൽ നടന്ന ടി20 ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു. 11 വർഷത്തിന് ശേഷമാണ് ഇന്ത്യ ഐസിസി ടൂർണമെൻ്റിൽ ജേതാക്കളായത്. ടി20 ലോകകപ്പ് വരെ ഇന്ത്യൻ ടീമിൻ്റെ പരിശീലകനായിരുന്നു രാഹുൽ ദ്രാവിഡ്. അതിന് ശേഷം ഈ ഉത്തരവാദിത്തം ഗൗതം ഗംഭീറിലേക്ക് വന്നു.
ഗൗതം ഗംഭീർ പരിശീലകനായതോടെ ടീം ഇന്ത്യയുടെ കാലം മാറി. വർഷാരംഭത്തിൽ കരുത്തുറ്റതായി തോന്നിയ ടീമിൻ്റെ പ്രകടനം പൊടുന്നനെ പതറിയതോടെ അവസാനമായപ്പോഴേക്കും നാണംകെട്ട പല റെക്കോർഡുകളും പിറന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയിൽ നടന്ന ടെസ്റ്റിലെ തോൽവിയോടെയാണ് 2025-ൻ്റെ തുടക്കവും. ഈ മത്സരത്തിൽ തോറ്റതോടെ ബോർഡർ-ഗവാസ്കർ ട്രോഫിയും ടീം ഇന്ത്യക്ക് നഷ്ടമായി. 10 വർഷത്തിന് ശേഷം ഈ ട്രോഫി ഇന്ത്യയ്ക്കില്ല. ഗംഭീറിൻ്റെ പരിശീലനത്തിന് കീഴിൽ രാജ്യത്ത് മാത്രമല്ല വിദേശത്തും തോൽവിയുടെ മുറിവേറ്റിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഭരണകാലത്ത് മറക്കാനാവാത്ത നിരവധി റെക്കോർഡുകൾ ഉണ്ടായിട്ടുണ്ട്.ഗംഭീറിൻ്റെ പരിശീലനത്തിന് കീഴിലുള്ള ഫലം: 10 മത്സരങ്ങൾ കളിച്ചു, 3 ജയിച്ചു, 6 തോൽവി, ഒരു സമനില.ഏകദിനം: 3 മത്സരങ്ങൾ കളിച്ചു, 3 തോൽവി. ടി20: 6 മത്സരങ്ങൾ കളിച്ചു, 6 വിജയിച്ചു.
പാകിസ്ഥാൻ ടീമിൽ അക്വിബ് ജാവേദ് ചെയ്തതിന് സമാനമായി ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലെ സൂപ്പർ സ്റ്റാർ സംസ്കാരം അവസാനിപ്പിക്കണമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനോട് അഭ്യർത്ഥിച്ചു. 2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ 1-3 എന്ന മാർജിനിൽ തോറ്റതിന് പിന്നാലെയാണ് അലി അഭിപ്രായപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയുടെ മധ്യത്തിൽ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരെ ആഖിബ് ഒഴിവാക്കി, പാക്കിസ്ഥാൻ അവസാന രണ്ട് ടെസ്റ്റുകളും വിജയിച്ച് ട്രോഫി ഉയർത്തി.
‘ഗൗതം ഗംഭീർ ആഖിബ് ജാവേദിൻ്റെ തത്വശാസ്ത്രം സ്വീകരിക്കണം. പ്രകടനം നടത്താത്തവരെ ടീമിൽ നിന്ന് ഒഴിവാക്കി സ്ഥിരത കാണിച്ചവരെ തിരികെ കൊണ്ടുവരിക. ഈ സന്ദേശം ഉച്ചത്തിലും വ്യക്തമായും നൽകണം. ആഖിബ് ജാവേദ് സൂപ്പർ സ്റ്റാർ സംസ്കാരം അവസാനിപ്പിച്ച് പകരം വയ്ക്കാനില്ലാത്തവരെന്ന് കരുതിയ കളിക്കാരെ ഇറക്കി. എല്ലാവരും തുല്യരാണെന്ന് അദ്ദേഹം കാണിച്ചുതന്നു,” ബാസിത് അലി പറഞ്ഞു.ന്യൂസിലൻഡിനോടും ഓസ്‌ട്രേലിയയോടും തോറ്റതിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ഡബ്ല്യുടിസിയുടെ മൂന്നാം പതിപ്പിൻ്റെ ഫൈനലിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.