ടീം ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ ചുമതലയേറ്റ ശേഷമുള്ള ആദ്യ പരമ്പരയാണ് ശ്രീലങ്കക്കെതിരെ നടക്കുന്നത്. ഗംഭീർ വന്നതിനു പിന്നാലെ രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും ഭാവിയെക്കുറിച്ചും ചർച്ചകൾ നടക്കുകയാണ്.തൻ്റെ നിയമനത്തിനുശേഷം ആദ്യമായി ഒരു പത്രസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ട ഗംഭീർ പ്രായമായിട്ടും രോഹിതും (37) വിരാട്ടും (35) ഇപ്പോഴും തൻ്റെ പദ്ധതിയിലാണെന്ന് സൂചന നൽകി.
ഫിറ്റ്നസ് നിലനിർത്തിയാൽ ഇരുവരെയും 2027ലെ ഏകദിന ലോകകപ്പിന് പരിഗണിക്കാമെന്ന് ഗംഭീർ നിർദ്ദേശിച്ചു.ഇരുവരും ഏകദിനത്തിലും ടെസ്റ്റിലും ഫിറ്റ്നസുള്ളിടത്തോളം കാലം തുടരുമെന്നാണ് ഗംഭീറിന്റെ നിലപാട്. രോഹിത് 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ടീമിലുണ്ടാവുമെന്ന് നേരത്തേ ബി.സി.സി.ഐ. പ്രസിഡന്റ് ജയ്ഷാ വ്യക്തമാക്കിയിരുന്നു. “ഒരു കാര്യം എനിക്ക് വ്യക്തമായി പറയാൻ കഴിയും, ആ രണ്ട് പേർക്കും (രോഹിതും വിരാടും) ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. അതിലും പ്രധാനമായി, ചാമ്പ്യൻസ് ട്രോഫിയും ഓസ്ട്രേലിയയിലേക്കുള്ള ഒരു വലിയ പര്യടനവും ഉള്ളതിനാൽ, അവർക്ക് വേണ്ടത്ര പ്രചോദനം ഉണ്ടാകും, “ഗംഭീർ പറഞ്ഞു.
“ഇത് വളരെ വ്യക്തിഗതമായ തീരുമാനമാണ്. അവരില്‍ എത്രകണ്ട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് എനിക്ക് പറയാനാവില്ല. ആത്യന്തികമായി അത് അവരുടെ കാര്യമാണ്. ടീമിന്റെ വിജയത്തില്‍ എത്രത്തോളം സംഭാവന നല്‍കാനാവുമെന്ന് തീരുമാനിക്കേണ്ടത് കളിക്കാരാണ്. ടീമാണ് പ്രധാനം. കോലിക്കും രോഹിത്തിനും എന്ത് നല്‍കാനാവുമെന്ന് നോക്കിയാല്‍, ഇരുവരിലും ഒരുപാട് ക്രിക്കറ്റുണ്ട്. അവരിപ്പോഴും ലോകോത്തര താരങ്ങളാണ്. ഇരുവരെയും ഏത് ടീമിനും സാധ്യമായത്ര കാലം ആവശ്യമാണ്” ഗംഭീർ കൂട്ടിച്ചേർത്തു .
2027 ലോകകപ്പ് നടക്കുമ്പോൾ, രോഹിത്തിന് 40 വയസ്സായിരിക്കും, കോഹ്ലിക്ക് 38 വയസ്സായിരിക്കും.ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയിൽ തൻ്റെ ആദ്യ പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ടു. രോഹിത് ശർമ്മ ഏകദിന ടീമിനെ നയിക്കുമ്പോൾ സൂര്യകുമാർ യാദവ് ടി20 ടീമിൻ്റെ ക്യാപ്റ്റനായി. രണ്ട് ഫോർമാറ്റുകളിലും ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു, അതേസമയം ഹാർദിക് പാണ്ഡ്യയ്ക്ക് ലീഡർഷിപ്പ് ഗ്രൂപ്പിൽ റോൾ ലഭിച്ചില്ല.