’10 വർഷമായി ധോണിയോട് സംസാരിച്ചിട്ടില്ല, ഒരിക്കലും വിളിക്കാൻ ശ്രമിച്ചിട്ടില്ല…’:ഹർഭജൻ സിങ് | MS Dhoni

താനും എംഎസ് ധോണിയും പരസ്പരം സംസാരിക്കാറില്ലെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ന്യൂസ് 18-നോട് സംസാരിക്കവെ, എംഎസ് ധോണിയുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും താനും മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇപ്പോൾ സുഹൃത്തുക്കളല്ലെന്ന് ഹർഭജൻ വെളിപ്പെടുത്തി.

2007 ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിൻ്റെ അവിഭാജ്യ ഘടകമായിരുന്നു ഹർഭജനും എംഎസ് ധോണിയും.ധോണി ടീമിനെ നയിച്ചപ്പോൾ ഹർഭജൻ അതത് ടൂർണമെൻ്റുകളിൽ 7 ഉം 9 ഉം വിക്കറ്റുമായി തിളങ്ങി.ചെന്നൈ സൂപ്പർ കിംഗ്സിലും താനും എംഎസ് ധോണിയും കളിക്കളത്തിന് പുറത്ത് സംസാരിച്ചിട്ടില്ലെന്ന് സ്പിന്നർ വെളിപ്പെടുത്തി. 2018-2020 കാലയളവിൽ ചെന്നൈ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് ഹർഭജൻ കളിച്ചത്.

‘ഇല്ല, ധോണിയുമായി ഞാൻ സംസാരിക്കാറില്ല. ഞാൻ ചെന്നൈ സൂപ്പർ കിങ്സിൽ കളിച്ചപ്പോൾ ധോണിയുമായി സംസാരിക്കുമായിരുന്നു. മറ്റുള്ള സാഹചര്യങ്ങളിൽ ഞാൻ ധോണിയുമായി സംസാരിക്കാറില്ല. ഇപ്പോൾ 10 വർഷത്തിലധികമായി. അതിന് കാരണമായി എനിക്ക് ഒന്നും പറയാനില്ല. ഒരുപക്ഷേ ധോണിക്ക് എന്തെങ്കിലും പറയാൻ ഉണ്ടാവും. എന്താണ് കാര്യമെന്ന് എനിക്ക് അറിയില്ല. ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎൽ കളിക്കുമ്പോൾ ‍ഞാനും ധോണിയും സംസാരിക്കുമായിരുന്നു. എന്നാൽ അത് ​ഗ്രൗണ്ടിലേക്ക് മാത്രമായി ഒതുക്കപ്പെട്ടു. മത്സരത്തിന് ശേഷം ധോണി എന്റെ റൂമിലേക്ക് വരാറില്ലായിരുന്നു. ഞാൻ അങ്ങോട്ടും പോകാറില്ലായിരുന്നു.’ ഹർഭജൻ സിങ് പറഞ്ഞു.

2015ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലാണ് ഹർഭജനും ധോണിയും അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്. 2015 ലോകകപ്പിന് ശേഷം ഹർഭജനും യുവരാജ് സിംഗും ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിരുന്നു. 2015ന് ശേഷം ഹർഭജൻ കളിച്ചിരുന്നില്ലെങ്കിലും 2021ൽ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.

“ധോണിയുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല. ഇനി അവന് എന്നോട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നോട് നേരിട്ട് പറയാം. ഇക്കാലത്തിനിടെ ഞാനൊരിക്കലും അവനെ ഫോണില്‍ പോലും വിളിച്ചിട്ടില്ല.കാരണം വിളിച്ചാല്‍ ഫോണെടുക്കുന്നവരെ ഞാന്‍ ഫോണ്‍ വിളിക്കാറുള്ളു. അല്ലാതെ വെറുതെ കളയാന്‍ എന്റെ കൈയില്‍ സമയമില്ല. സുഹൃത്തുക്കളുമായി എപ്പോഴും ഞാന്‍ ബന്ധം നിലനിര്‍ത്താറുണ്ട്” ഹർഭജൻ പറഞ്ഞു.ഇന്ത്യൻ ക്രിക്കറ്റിലെ സഹതാരങ്ങളിൽ ഇപ്പോഴും മികച്ച ബന്ധം തുടരുന്നവരുടെ പേര് ചോദിച്ചപ്പോൾ യുവരാജ് സിങ്ങിന്റെയും ആശിഷ് നെഹ്റയുടെയും പേരാണ് ഹർഭജൻ പറഞ്ഞത്.

Rate this post