ഡൽഹിയിൽ നടന്ന ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിനിടെ ആഞ്ചലോ മാത്യൂസിനെ ടൈംഔട്ടാക്കിയതിനെതിരെ അമ്പയർമാരെ വിമർശിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഇന്നിംഗ്സിന്റെ 25-ാം ഓവറിൽ ബാറ്റ് ചെയ്യാൻ ക്രീസിലെത്തിയ മാത്യൂസ് പന്ത് നേരിടുംമുന്‍പ് ഹെല്‍മറ്റ് മാറ്റാനായി ആവശ്യപ്പെട്ടു. ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതുമൂലമാണ് മാറ്റാൻ ആവശ്യപ്പെട്ടത്.പുതിയ ഹെല്‍മറ്റുമായി സഹതാരം ഗ്രൗണ്ടിലെത്തിയപ്പോഴേക്കും ബംഗ്ലാദേശ് നായകന് ഷാക്കിബ് അല്‍ ഹസ്സന് ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്തു.
പിന്നാലെ അമ്പയര്‍മാര്‍ ഔട്ട് വിധിക്കുകയും ചെയ്തു. നിയമപ്രകാരം ക്രീസിലുള്ള ബാറ്റര്‍ ഔട്ടാകുകയോ റിട്ടയര്‍ ചെയ്യുകയോ ചെയ്താല്‍ പകരം വരുന്ന ബാറ്റര്‍ അടുത്ത മൂന്ന് മിനിറ്റിനകം പന്ത് നേരിട്ടിരിക്കണം. മാത്യൂസിന് മുന്‍പ് പുറത്തായ സദീര 3.49 നാണ് പുറത്തായത്. 3.54 നാണ് മാത്യൂസിനെതിരേ ടൈംഡ് ഔട്ട് വിളിച്ചത്. ഇത്രയും സമയം ഗ്രൗണ്ടിലുണ്ടായിരുന്നിട്ടും മാത്യൂസിന് ഒരു പന്ത് പോലും നേരിടാനായില്ല. ഇതിനെതിരെ ഹർഭജൻ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
“അമ്പയർമാർ അവരുടെ സാമാന്യബുദ്ധി ഉപയോഗിക്കണമായിരുന്നു. അവന്റെ ഹെൽമെറ്റ് തകരാറിലായാൽ, അയാൾക്ക് എങ്ങനെ പന്ത് നേരിടാനാകും? സുരക്ഷാ ആവശ്യത്തിനായി നിങ്ങളോട് ഹെൽമെറ്റ് ധരിക്കാൻ ആവശ്യപ്പെടുന്നു, മറുവശത്ത്, നിങ്ങൾ കളിക്കാരന് സമയം നൽകുന്നില്ല. രണ്ട് മിനിറ്റ് നിയമം സജീവമാക്കുന്നതിന് പകരം മാത്യൂസിന്റെ പ്രശ്നം പരിഗണിക്കണമായിരുന്നു. എം.സി.സി ചട്ടത്തിൽ മൂന്ന് മിനിറ്റ് എന്ന് പറയുന്നുണ്ടെങ്കിലും ഐസിസി ലോകകപ്പിന്റെ സമയം വെട്ടിക്കുറച്ചു. എന്തൊരു തമാശ?” ഹർഭജൻ പറഞ്ഞു.
🚨 Shakib Al Hasan will miss Bangaldesh's last game against Australia due to a fracture of his left index finger #CWC23 #SLvBAN #AUSvBAN pic.twitter.com/4BdnY7ADVz
— ESPNcricinfo (@ESPNcricinfo) November 7, 2023
ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉയർത്തിപ്പിടിക്കാത്ത ബംഗ്ലാദേശ് ക്യാപ്റ്റനെ ക്രിക്കറ്റ് ലോകം രൂക്ഷമായി വിമർശിച്ചു. ഷാക്കിബ് അൽ ഹസന്റെ നടപടി ലജ്ജാകരമാണെന്ന് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ട്വിറ്ററിൽ കുറിച്ചു.”ഷാക്കിബ് വിജയത്തിൽ വിശ്വസിക്കണം, പക്ഷേ ‘എന്തുവിലകൊടുത്തും വിജയിക്കരുത്’. അത് ലജ്ജാകരമാണ്,” മുഹമ്മദ് കൈഫ് പറയുന്നു.