വാങ്കഡെയിലെ തോൽവിക്ക് ശേഷം ബാറ്റിംഗ് യൂണിറ്റിനെ കുറ്റപ്പെടുത്തി മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ | IPL2024

വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 24 റൺസി ദയനീയ തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്.മത്സരത്തില്‍ ടോസ് നേടി കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സിനെ ആദ്യം ബാറ്റിങ്ങിനയച്ച മുംബൈയ്‌ക്ക് അവരെ 19.5 ഓവറില്‍ 169 റണ്‍സില്‍ പുറത്താക്കൻ സാധിച്ചു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 18.5 ഓവറില്‍ 145 റണ്‍സില്‍ ഓള്‍ ഔട്ടാകുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് കൊല്‍ക്കത്തയുടെ വിജയ ശില്‍പ്പി.12 വർഷങ്ങൾക്ക് ശേഷമാണ് കൊൽക്കത്ത വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈയെ പരാജയപെടുത്തുന്നത്.അഞ്ച് തവണ ചാമ്പ്യൻഷിപ്പ് നേടിയ ടീമിനെ നയിച്ച ഹാർദിക് പാണ്ഡ്യ നൈറ്റ് റൈഡേഴ്‌സിനെതിരായ തോല്‍വിയ്‌ക്ക് ബാറ്റര്‍മാരെ വിമർശിച്ചിരിക്കുകയാണ്.പവർപ്ലേയ്ക്കുള്ളിൽ മുംബൈക്ക് മൂന്നു ബാറ്റർമാരെ നഷ്ടപ്പെട്ടിരുന്നു. നല്ല കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി തുടരെ വിക്കറ്റുകള്‍ നഷ്‌ടമാകുന്നത് തടയാൻ തങ്ങളുടെ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ലെന്ന് മത്സരശേഷം പാണ്ഡ്യ അഭിപ്രായപ്പെട്ടു.

” ബാറ്റിങ്ങിൽ ഞങ്ങൾക്ക് കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞില്ല, വിക്കറ്റുകൾ നഷ്‌ടപ്പെട്ടു, ടി20യിൽ നിങ്ങൾ കൂട്ടുകെട്ടുണ്ടാക്കിയില്ലെങ്കിൽ അതിന് വലിയ വിലകൊടുക്കേണ്ടി വരും.ടീമിന്‍റെ പ്രകടനങ്ങളെ കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അവയ്‌ക്കെല്ലാം മറുപടി പറയാൻ സമയമെടുക്കും.ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല. ഇവിടെ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. രണ്ടാം ഇന്നിങ്‌സ് ആയപ്പോഴേക്കും വിക്കറ്റ് കുറച്ച് മെച്ചപ്പെട്ടിരുന്നു. മഞ്ഞും ഉണ്ടായിരുന്നു. അത് മുതലെടുക്കാനും ഞങ്ങള്‍ക്ക് സാധിച്ചില്ല” പാണ്ട്യ പറഞ്ഞു.

മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്ത ബൗളിംഗ് യൂണിറ്റിനെ പാണ്ട്യ പ്രശംസിച്ചു.പവർപ്ലേയിൽ നുവാൻ തുഷാര മൂന്ന് വിക്കറ്റ് വീഴ്ത്തി മുന്നിൽ നിന്ന് നയിച്ചപ്പോൾ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. പിയൂഷ് ചൗള ഒരു വിക്കറ്റും നായകൻ രണ്ട് വിക്കറ്റും വീഴ്ത്തി.സീസണിലെ എട്ടാം തോൽവിയാണെങ്കിലും, കഠിനമായ ദിവസങ്ങൾ അധികനാൾ നീണ്ടുനിൽക്കാത്തതിനാൽ താൻ വെല്ലുവിളികളിലൂടെ പോരാടുകയാണെന്ന് പാണ്ഡ്യ വെളിപ്പെടുത്തി.

”മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിരിക്കും. പോരാട്ടം തുടരുക എന്നാണ് ഞാൻ എന്നോട് തന്നെ പറയുന്നത്. കഠിനമായ ദിവസങ്ങള്‍ വരും,വെല്ലുവിളികൾ ജീവിതത്തിൻ്റെ ഭാഗമാണ്, പക്ഷേ അവ നിങ്ങളെയും മികച്ചതാക്കുന്നു.” പാണ്ട്യ കൂട്ടിച്ചേർത്തു.11 കളികളിൽ വെറും 6 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ് മുംബൈ.അവരുടെ പ്ലേ ഓഫ് യോഗ്യതാ സാധ്യതകൾ അവസാനിച്ചിരിക്കുകയാണ്.

Rate this post