വെസ്റ്റിൻഡിസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങി വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളിലും ഞെട്ടിപ്പിക്കുന്ന പരാജയമായിരുന്നു ഇന്ത്യയെ തേടിയെത്തിയത്. അതിൽ നിന്ന് വലിയൊരു തിരിച്ചുവരവ് തന്നെയാണ് മൂന്നാം മത്സരത്തിൽ ഇന്ത്യ നടത്തിയിരിക്കുന്നത്.
വിൻഡിസ് ഉയർത്തിയ ടോട്ടൽ മുൻപിൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. അരങ്ങേറ്റക്കാരനായ ജെയിസ്വാളിന്റെ(1) വിക്കറ്റ് ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. പിന്നീട് മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ആദ്യ ബോൾ മുതൽ അടിച്ചു തകർത്തു. ഇതിനിടെ ഗിൽ കൂടാരം കയറിയെങ്കിലും സൂര്യയെ അത് ബാധിച്ചില്ല. പവർപ്ലേ ഓവറുകളിൽ പൂർണ്ണമായും വിൻഡീസ് ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ സൂര്യകുമാറിന് സാധിച്ചു.
തിലക് വർമ്മയെ കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റിൽ ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ടാണ് സൂര്യ കെട്ടിപ്പടുത്തത്. മത്സരത്തിൽ 23 പന്തുകളിൽ നിന്നായിരുന്നു സൂര്യകുമാർ തന്റെ അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്.അതിനുശേഷവും വെടിക്കെട്ട് തുടരാൻ സൂര്യകുമാറിന് സാധിച്ചു. മത്സരത്തിൽ 44 പന്തുകൾ നേരിട്ട സൂര്യ 83 റൺസ് നേടി. 10 ബൗണ്ടറികളും 4 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. തിലക് വർമ 37 പന്തുകളിൽ 49 റൺസുമായി പുറത്താകാതെ നിന്നു. തന്റെ മൂന്നാമത്തെ മാത്രം അന്താരാഷ്ട്ര മത്സരം കളിക്കുന്ന തിലക് വർമ്മ ബാറ്റ് കൊണ്ട് ഒരിക്കൽ കൂടി ഞെട്ടിച്ചു എങ്കിലും അർഹമായ ഫിഫ്റ്റി ഒരു റൺസ് അകലെ നഷ്ടമായത് വേദനയായി മാറി.
ജയിക്കാൻ രണ്ട് റൺസ് മാത്രം എന്ന് നിൽക്കെ ക്യാപ്റ്റൻ ഹാർഥിക്ക് സിക്സ് അടിച്ചു ജയിച്ചതോടെ തിലക് സ്കോർ 49ൽ നിൽക്കെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. ഹർദ്ദിക്കിന്റെ സെൽഫിഷ് പെരുമാറ്റമൂലമാണ് അർഹതപ്പെട്ട മികച്ച ഒരു ഫിഫ്റ്റി തിലക് വർമ്മക്ക് നഷ്ടമായത് എന്നാണ് ആരാധകർ അടക്കം അഭിപ്രായം.ക്യാപ്റ്റൻ കൂടിയായ ഹാർഥിക്ക് ഈ ഒരു പ്രവർത്തിക്ക് എതിരെ സോഷ്യൽ മീഡിയയിൽ അടക്കം വൻ വിമർശനം ഉയർന്ന് കഴിഞ്ഞു.