അത്ഭുതകരമായതും ഞെട്ടിക്കുന്നതുമായ ഫലങ്ങളുടെയും കാര്യത്തിൽ യൂറോ 2004 യൂറോപ്യൻ ചാംപ്യൻഷിപ്പുകളിലെ ഏറ്റവും മികച്ചതായിരുന്നു. പോർച്ചുഗലിൽ നടന്ന യൂറോയുടെ പന്ത്രണ്ടാം പതിപ്പിൽ ലാറ്റ്വിയയെപ്പോലുള്ള ടീമുകൾ അരങ്ങേറ്റം കുറിക്കുകയും ഗ്രീസ് പോലുള്ള ടീമുകൾ 24 വർഷത്തിനുശേഷം യൂറോയിലേക്ക് തിരിച്ചുവരികയും ചെയ്തു. നിരവധി തിരിച്ചു വരവുകൾ കണ്ട ടൂര്ണമെന്റായിരുന്നു ഇത്.ടൂർണമെന്റ് ജയിച്ചുകൊണ്ട് യൂറോപ്പിനെ കീഴടക്കിയ ഗ്രീസ് ലോകത്തെ ഞെട്ടിച്ചു. ഗ്രീസും ആതിഥേയരായ പോർച്ചുഗലും തമ്മിലായിരുന്നു ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരവും ഫൈനലും.സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട് എന്നിവർ ഗ്രൂപ്പ് ഘട്ടത്തിലും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ക്വാർട്ടറിലും വീണു പോയി.
യൂറോ കപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചു വരവ് കണ്ടത് യൂറോ 2004 ലാണ്. ഏറ്റവും കടുത്ത ഗ്രൂപ്പായ ഡിയിൽ ഹോളണ്ട് ചെക്ക് റിപ്പബ്ലിക്ക് മത്സരത്തെ യൂറോ ക്ലാസിക് എന്നാണ് വിശേഷിപ്പിച്ചത്. ജർമ്മൻ, നെതർലാന്റ്സ്, ചെക്ക് റിപ്പബ്ലിക്, ലാത്വിയ എന്നിവർ ഉൾപ്പെട്ടതായിരുന്നു ഗ്രൂപ്പ് ഡി.ഇതിഹാസതാരം ഒലിവർ കാന്റെ നേതൃത്വത്തിലുള്ള ജർമ്മനിയിൽ സൂപ്പർതാരങ്ങളായ മൈക്കൽ ബല്ലക്ക്, മിറോസ്ലാവ് ക്ലോസ് എന്നിവരും ഫിലിപ്പ് ലാം, ബാസ്റ്റ്യൻ ഷ്വെയ്ൻസ്റ്റൈഗർ തുടങ്ങിയ ചെറുപ്പക്കാരായ താരങ്ങളുണ്ടായിരുന്നു.സൂപ്പർതാരങ്ങൾ നിറഞ്ഞു നിന്ന ഡച്ച് നിരയിൽ എഡ്വിൻ വാൻ ഡെർ സാർ, ഫ്രാങ്ക് ഡി ബോയർ, പാട്രിക് ക്ലൈവർട്ട്, നിസ്റ്റെൽറൂയ്, ഡാവിഡ്സ് ,സീഡോർഫ് എന്നിവരോടൊപ്പം യുവ താരണങ്ങളായ റോബനും സ്നീഡറും അണിനിരന്നു.കാരെൽ ബ്രക്നർ പരിശീലിപ്പിച്ച ചെക്ക് റിപ്പബ്ലിക്കിൽ പെറ്റർ സെക്ക്, വ്ളാഡിമിർ സ്മിസർ, ടോമാസ് റോസിക്കി, പവൽ നെഡ്വേഡ്, മിലാൻ ബാരോസ് എന്നിവരുണ്ടായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരങ്ങളിൽ ചെക്ക് റിപ്പബ്ലിക്ക് ലാത്വിയയ്ക്കെതിരെ 2-1 ന് ജയിച്ചു, ജർമ്മനി നെതർലാൻഡുമായി 1 -1 സമനിലയിൽ പിരിഞ്ഞു.രണ്ടാമത്തെ മത്സരത്തിൽ ജർമ്മനി, ലാറ്റ്വിയയ്ക്കെതിരായ 0-0 സമനിലയിൽ പിരിഞ്ഞു. 2004 ജൂൺ 19 ന് അവീറോയിലെ എസ്റ്റാഡിയോ മുനിസിപ്പൽ 30,000 ഓളം കാണികളെ സാക്ഷി നിർത്തി ഹോളണ്ട് ചെക്ക് റിപ്പബ്ലിക്കിനെ നേരിടാനൊരുങ്ങുന്നു. സൂപ്പർ താരങ്ങളടങ്ങിയ ഹോളണ്ട് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ചു തുടക്കക്കാരനായ ആര്യൻ റോബന്റെ വേഗതകൊപ്പം എത്താൻ ചെക്ക് ഡിഫെൻഡർമാർ പാടുപെട്ടു. മികച്ച ക്രോസ്സുകളും വേഗതയുള്ള ഓട്ടങ്ങളും പാസ്സുകളുമായി റോബൻ നിറഞ്ഞു നിന്നു.നാലാം മിനുട്ടിൽ തന്നെ ഹോളണ്ട് മുന്നിലെത്തി റോബിൻ എടുത്ത ഫ്രീകിക്കിൽ നിന്നും വിൽഫ്രഡ് ബൗമ ഹെഡ്ഡറിലൂടെ മുന്നിലെത്തിച്ചു.തുടരെ ആക്രമിച്ചു കളിച്ച ഓറഞ്ച് പട 19 ആം മിനുട്ടിൽ റോബന്റെ പാസിൽ നിന്നും നിസ്റ്റൽറൂയിയുടെ ലളിതമായ ഫിനിഷിംഗിലൂടെ ലീഡ് ഉയർത്തി.
രണ്ടു ഗോൾ വീണതോടെ ചെക്ക് മാനേജർ കരേൽ ബ്രക്നർ ഒരു ഡിഫെൻഡറെ പിൻവലിച്ച് വ്ലാഡിമിർ സ്മൈസറെ പകരമിറക്കി. 23 ആം മിനുട്ടിൽ ചെക്ക് ഒരു ഗോൾ മടക്കി.ഫിലിപ്പ് കോക്കുവിന്റെ അയഞ്ഞ പാസ് പിടിച്ചെടുത്ത മിലാൻ ബാരോസ് പന്തുമായി ഒറ്റയ്ക്ക് മുന്നേറുകയും ഡച്ച് ഡിഫെൻഡർമാരെ മറികടന്ന് ബോക്സിലുണ്ടായിരുന്ന ജാൻ കോളറിന് പാസ് ചെയ്യുകയും ഒരു പിഴവും കൂടാതെ ഭീമൻ സ്ട്രൈക്കർ പന്ത് വലയിലാക്കി. ആദ്യ പകുതിയിൽ ഇരു ടീമുകളും കൂടുതൽ സ്വാതന്ത്ര്യത്തോടെ കൂടുതൽ മുന്നേറി കളിച്ചു. വാൻ നിസ്റ്റെൽറൂയിക്കും , ലീഡ് നേടാൻ അവസരം ലഭിച്ചു.സീഡോർഫിന്റെയും ,ഡേവിഡ്സിന്റെയും ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങി .
3-5-2 എന്ന ശൈലിയിലേക്ക് മാറിയ ചെക്ക് പരിശീലകൻ കരേൽ ബ്രക്നർ സെൻട്രൽ മിഡ്ഫീൽഡിൽ പ്രവർത്തിക്കുന്ന പവൽ നെഡ്വേഡിനൊപ്പം വ്ളാഡിമിർ സ്മിസറിനെ ഇറക്കി.രണ്ടാം പകുതിയിൽ മാനേജർമാർ തമ്മിലുള്ള തന്ത്രപരമായ പോരാട്ടമായിരുന്നു .എന്നാൽ മികച്ച ഫോമിൽ കളിക്കുന്ന റോബനെ പിൻവലിച്ച് ബോസ്വെൽറ്റിനെ ഇറക്കാനുള്ള പരിശീലകൻ ഡിക്ക് അഡ്വക്കാട്ടിനെ തീരുമാനം ഡച്ച് ടീമിന് തിരിച്ചടിയായി.ചെക്കാവട്ടെ മറ്റൊരു ഫോർവേർഡ് മാരെക് ഹൈൻസിനെ ഇറക്കി മുന്നേറ്റത്തിന് ശക്തി കൂട്ടി.
രണ്ടാം പകുതിയിൽ കൂടുതൽ ആധിപത്യത്തോടെ കളിച്ച ചെക്ക് ടീം 71 ആം മിനുട്ടിൽ സമനില നേടി. വലതു വിങ്ങിൽ നിന്നും സൂപ്പർ താരം നെഡ്വേഡ് കൊടുത്ത ലോങ്ങ് പാസ് പെനാൽറ്റി ബോക്സിൽ വെച്ച് നെഞ്ചിൽ സ്വീകരിച്ച കോളർ ബാരോസിനു പാസ് ചെയ്യുകയും ലിവർപൂൾ സ്ട്രൈക്കറുടെ ഫസ്റ്റ് ടൈം വോളി ഡച്ച് ഗോൾകീപ്പർ വാൻ ഡി സാറിനെ മറികടന്ന് വലയിലായി.ഗോൾ വീണ അടുത്ത മിനുട്ടിൽ തന്നെ ഡച്ച് താരം ജോണി ഹെയ്റ്റിംഗ് രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട പുറത്തായതോടെ 10പേരായി ഹോളണ്ട് ചുരുങ്ങി. പിന്നീട് തുടരെ ഗോൾ ശ്രമം നടത്തിയ ചെക്ക് ടീം പലപ്പോഴും വിജയ ഗോളിന്റെ അടുത്തെത്തി. കീപ്പർ വാൻ ഡെർ സാറിന്റെ രക്ഷപെടുത്തലുകൾ ഹോളണ്ടിന് തുണയായി.
നെഡ്വേദിന്റെ 40വാര അകലെനിന്നുളള ലോങ്ങ് റേഞ്ച് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. മത്സരം അവസാനിക്കാൻ രണ്ടു മിനുട്ട് ശേഷിക്കെ ചെക്ക് താരത്തിന്റെ ഷോട്ട് വാൻ ഡെർ സാർ തടുത്തെങ്കിലും റീബൗണ്ടിൽ പന്ത് ലഭിച്ച കരേൽ പോബോർസ്കി സ്മിസർക്ക് പാസ് ചെയ്യുകയും ഗോളിലേക്ക് തിരിച്ചു വിടുകയും ഫുട്ബോൾ ചരിത്രത്തിലെ അസാധാരണ തിരിച്ചു വരവ് നടത്തുകയും ചെയ്തു. അവസാന മിനുട്ടിൽ ഹോളണ്ടിന് റാഫേൽ വാൻ ഡെർ വാർട്ടിലൂടെ സമനില പിടിക്കാൻ അവസരം ലഭിച്ചെങ്കിലും ഹെഡ്ഡർ പുറത്തേക്ക് പോയി.
മത്സര ശേഷം ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ വിജയിച്ച ആഹ്ലാദത്തിലായിരുന്നു ചെക്ക് ടീം. മത്സരത്തിന് ശേഷം ഈ രണ്ടു ടീമുകളിൽ ഒന്ന് കിരീടം നേടും എന്ന് ആരധകർ ഉറപ്പിച്ചിരുന്നു .എന്നാൽ പ്രവചനാതീതമായ ഒരു ടൂർണമെന്റിൽ രണ്ടു ടീമുകളും പാതി വഴിയിൽ കാലിടറി വീണു.അന്ന് മത്സരം കണ്ട ഒരു ഫുട്ബോൾ പ്രേമിയും ഒരിക്കലും ഈ പോരാട്ടം മറക്കാൻ കഴിയില്ല. മിലാൻ ബാരോസും പവൽ നെഡ്വേഡും യൂറോ 2004 ലെ ഈ ക്ലാസിക് പോരാട്ടത്തിന്റെ യൂറോയിൽ എക്കാലത്തെയും മികച്ച ഗെയിമുകളിലൊന്നായി മാറ്റിയെടുത്തു.