‘എനിക്ക് ഇപ്പോഴും ടി 20 ക്രിക്കറ്റ് കളിക്കാൻ കഴിവുണ്ട് ,ഗെയിം പ്രോത്സാഹിപ്പിക്കുന്നതിന് എൻ്റെ പേര് ഉപയോഗിക്കുന്നു’ : വിമർശനങ്ങൾക്ക് മറുപടിയുമായി വിരാട് കോലി | Virat Kohli

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ബംഗളുരു സ്വന്തമാക്കിയത്. സൂപ്പർ താരം വിരാട് കോലിയുടെ മിന്നുന്ന ഇന്നിങ്‌സാണ് ബെംഗളുരുവിന് വിജയം നേടിക്കൊടുത്തത്.

പൂജ്യത്തിലും പിന്നീട് 33 റൺസിലും കോലിയെ പഞ്ചാബ് ഫീൽഡർമാർ വിട്ടു കളഞ്ഞിരുന്നു.അവസരങ്ങൾ പരമാവധി മുതലെടുത്ത് 49 പന്തിൽ 11 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 77 റൺസാണ് കോലി നേടിയത്.16-ാം ഓവറിൽ ഹർഷൽ പട്ടേലിൻ്റെ വേഗത കുറഞ്ഞ പന്തിൽ ഡീപ് തേർഡ് മാനിൽ ഹർപ്രീത് ബ്രാർ പിടിച്ചാണ് കോലി പുറത്തായത്. മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ സംസാരിക്കവെ, കളി പൂർത്തിയാക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്ന് കോലി സമ്മതിച്ചു. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള സ്ക്വാഡ് തിരഞ്ഞെടുപ്പിൽ ഐപിഎൽ പ്രധാന പങ്കാണ് വഹിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന 15 അംഗ ടീമിൽ വിരാട് കോഹ്‌ലിയുടെ സ്ഥാനത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിരുന്നു, വിരാട് കോലി ഇപ്പോൾ ഇതിനു മറുപടി നൽകിയിരിക്കുകയാണ്.രവി ശാസ്ത്രിയും കെവിൻ പീറ്റേഴ്‌സണും തമ്മിൽ വരാനിരിക്കുന്ന ടി20 ലോകകപ്പ് 2024-ൽ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് ചർച്ച നടന്നിരുന്നു. കോഹ്‌ലി ടൂർണമെൻ്റിലെ അംബാസഡറായതിനെ കുറിച്ച് പീറ്റേഴ്‌സൺ സംസാരിച്ചു. “ലോകകപ്പ് നടക്കുന്നത് അമേരിക്കയിലാണ്. ന്യൂയോർക്കിലാണ് ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കുന്നത്. കളി വളരാൻ വിരാട് കോഹ്‌ലിയെപ്പോലൊരു വ്യക്തികൾ സഹായിക്കണം,” പീറ്റേഴ്‌സൺ പറഞ്ഞു.

എന്നാൽ ശാസ്ത്രിക്ക് ഇക്കാര്യത്തിൽ വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു. കളി വളർത്തുകയല്ല, കപ്പ് നേടുകയാണ് ലക്ഷ്യമെന്നും മുൻ ഇന്ത്യൻ കോച്ച് പറഞ്ഞു.“ടി20 ക്രിക്കറ്റിലേക്ക് വരുമ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗെയിം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് എൻ്റെ പേര് ഇപ്പോൾ ചേർത്തിരിക്കുന്നതെന്ന് എനിക്കറിയാം. എന്നാൽ എനിക്ക് ഇപ്പോഴും ടി 20 ക്രിക്കറ്റ് കളിക്കാൻ കഴിവുണ്ട്” കോലി പറഞ്ഞു.