ടി20യിൽ ഹാർദിക് പാണ്ട്യ ഒന്നാം നമ്പർ ഓൾറൗണ്ടർ, ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനവുമായി അഭിഷേക് ശർമ്മ | ICC Ranking

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗിൽ, ഇന്ത്യയുടെ സ്റ്റാർ താരം ഹാർദിക് പാണ്ഡ്യ ടി20യിലെ ഒന്നാം നമ്പർ ഓൾറൗണ്ടർ ആയി തുടരുന്നു. അദ്ദേഹം ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിനുശേഷം, അദ്ദേഹം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. ടി20 ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ നിഗൂഢ സ്പിന്നർ വരുൺ ചക്രവർത്തി ഒരു സ്ഥാനം താഴ്ന്ന് മൂന്നാം സ്ഥാനത്തേത്തി.

706 റേറ്റിംഗ് പോയിന്റുള്ള വരുൺ ചക്രവർത്തി, ന്യൂസിലൻഡിന്റെ ജേക്കബ് ഡഫി (723), വെസ്റ്റ് ഇൻഡീസിന്റെ അകേൽ ഹുസൈൻ (707) എന്നിവർക്ക് പിന്നിലാണ്. ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ് (674), ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ് (653) എന്നിവരാണ് യഥാക്രമം ഏഴാം സ്ഥാനത്തും പത്താം സ്ഥാനത്തും ഉള്ള ആദ്യ പത്തിലുള്ള മറ്റ് രണ്ട് ഇന്ത്യൻ ബൗളർമാർ. അക്ഷര്‍ പട്ടേല്‍ പതിമൂന്നാം സ്ഥാനത്താണ്. പാകിസ്ഥാനെതിരായ 4-1 പരമ്പര വിജയത്തിലെ മികച്ച പ്രകടനത്തിന് ശേഷം ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ജേക്കബ് ഡഫി ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. വെസ്റ്റ് ഇൻഡീസ് സ്പിന്നർ അകീൽ ഹൊസൈനെ മറികടന്ന ഡഫി പരമ്പരയിൽ 13 വിക്കറ്റുകൾ വീഴ്ത്തി. ഇതാദ്യമായാണ് ഡഫി ഏതെങ്കിലും ഫോർമാറ്റിൽ ഒന്നാം സ്ഥാനം നേടുന്നത്, 2018 ൽ ഇഷ് സോധിക്ക് ശേഷം ടി20 ചാർട്ടിൽ ഒന്നാമതെത്തുന്ന ആദ്യ ന്യൂസിലൻഡ് ബൗളറായി അദ്ദേഹം മാറി.

ഇന്ത്യയുടെ യുവ ഇടംകൈയ്യൻ ഓപ്പണർ അഭിഷേക് ശർമ്മ ടി20 ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് മൂന്നാം സ്ഥാനത്തും തുടരുന്നു. മറ്റ് രണ്ട് ഇന്ത്യൻ ബാറ്റ്സ്മാൻമാരായ തിലക് വർമ്മയും സൂര്യകുമാർ യാദവും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ ഉണ്ട്. 252 റേറ്റിംഗ് പോയിന്റുകളുമായി ഹാർദിക് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. അദ്ദേഹത്തിന് പിന്നാലെ നേപ്പാളിന്റെ ദീപേന്ദ്ര സിംഗ് ഐറിയും ഓസ്‌ട്രേലിയയുടെ മാർക്കസ് സ്റ്റോയിനിസും വരുന്നു.

ന്യൂസിലൻഡിന്റെ ടിം സീഫെർട്ട് ബാറ്റർമാരിൽ ആദ്യ പത്തിൽ ഇടം നേടി. പാകിസ്ഥാനെതിരായ പരമ്പരയിൽ 62.25 ശരാശരിയിൽ 249 റൺസ് നേടിയ അദ്ദേഹം എട്ടാം സ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ ഓപ്പണിംഗ് പങ്കാളിയായ ഫിൻ അലനും ഒരു സ്ഥാനം മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി.111 പന്തിൽ നിന്ന് 132 റൺസ് നേടിയ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിന് ശേഷം മാർക്ക് ചാപ്മാൻ ഏകദിന റാങ്കിംഗിൽ 24 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 78-ാം സ്ഥാനത്തെത്തി.

58 റൺസിന്റെ മികച്ച പ്രകടനത്തിന് ശേഷം പാകിസ്ഥാന്റെ സൽമാൻ ആഗ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 37-ാം സ്ഥാനത്തെത്തി. ബൗളർമാരിൽ പാകിസ്ഥാന്റെ ഹാരിസ് റൗഫ് ഒമ്പത് സ്ഥാനങ്ങൾ കയറി 16-ാം സ്ഥാനത്തും സഹതാരം നസീം ഷാ ഒരു സ്ഥാനം കയറി 42-ാം സ്ഥാനത്തും എത്തി. ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ വില്യം ഒ’റൂർക്ക് 15 സ്ഥാനങ്ങൾ കയറി 56-ാം സ്ഥാനത്തും ഡഫി 14 സ്ഥാനങ്ങൾ കയറി 95-ാം സ്ഥാനത്തും എത്തി.