‘ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് ന്യൂട്രൽ വേദിയിൽ വേണമെങ്കിൽ ഏകദിന ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറും’: പുതിയ വിവാദത്തിന് തിരികൊളുത്തി പാകിസ്ഥാൻ കായിക മന്ത്രി

ഓഗസ്റ്റ് 31 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം തന്റെ രാജ്യത്തേക്ക് വന്നില്ലെങ്കിൽ 2023 ലെ ഐസിസി ഏകദിന ലോകകപ്പിൽ നിന്ന് അവർ പിന്മാറുമെന്ന് പാകിസ്ഥാൻ കായിക മന്ത്രി എഹ്‌സാൻ മസാരി മുന്നറിയിപ്പ് നൽകി.

ലോകകപ്പ് പങ്കാളിത്തത്തെ കുറിച്ച് നിലപാടറിയിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാകിസ്ഥാനോട് ലോകകപ്പില്‍ പങ്കെടുക്കണമെന്ന് ഐസിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. “എന്റെ വ്യക്തിപരമായ അഭിപ്രായം, പിസിബി എന്റെ മന്ത്രാലയത്തിന് കീഴിലായതിനാൽ, ഇന്ത്യ അവരുടെ ഏഷ്യാ കപ്പ് മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടും”ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച മസാരി പറഞ്ഞു.

ഒക്ടോബർ 5 മുതൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2023 ഏകദിന ലോകകപ്പിൽ തങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ പങ്കാളിത്തം ചർച്ച ചെയ്യാൻ കമ്മിറ്റി രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് മസാരിയുടെ പ്രസ്താവന.“വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിലാണ് സമിതി, അതിൽ ബന്ധപ്പെട്ട 11 മന്ത്രിമാരിൽ ഞാനും ഉൾപ്പെടുന്നു. ഞങ്ങൾ ഞങ്ങളുടെ ശുപാർശകൾ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് നൽകും “അദ്ദേഹം പറഞ്ഞു.പിസിബിയുടെ ചെയർമാനായിരിക്കെ നജാം സേത്തി നിർദ്ദേശിച്ച ഏഷ്യാ കപ്പിന്റെ ഹൈബ്രിഡ് മോഡൽ മസാരി നിരസിച്ചു.

“പാകിസ്ഥാൻ ആതിഥേയരാണ്, പാകിസ്ഥാനിൽ എല്ലാ മത്സരങ്ങളും നടത്താൻ അവകാശമുണ്ട്. ക്രിക്കറ്റ് പ്രേമികൾ ആഗ്രഹിക്കുന്നതും അതാണ്. ഞാൻ ഒരു ഹൈബ്രിഡ് മോഡലിന് എതിരാണ്, ”അദ്ദേഹം പറഞ്ഞു.ഷെഡ്യൂൾ അനുസരിച്ച് ഏഷ്യാ കപ്പിൽ നാല് മത്സരങ്ങൾ പാകിസ്ഥാനിലും ഒമ്പത് മത്സരങ്ങൾ ശ്രീലങ്കയിലും നടക്കും.ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകൾ ഒന്നാം ഗ്രൂപ്പിലും ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവർ രണ്ടാം ഗ്രൂപ്പിലുണ്ട്.

“ന്യൂസിലൻഡ് ടീം ഇവിടെ ഉണ്ടായിരുന്നു, അതിനുമുമ്പ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാകിസ്ഥാനിലായിരുന്നു. അവർക്ക് രാഷ്ട്രപതിയുടെ സുരക്ഷ ലഭിച്ചു. നേരത്തെ ഇന്ത്യൻ ടീമിന് ഇവിടെ ആരാധകർ ഹൃദ്യമായ സ്വീകരണം നൽകിയിരുന്നു. സുരക്ഷ ഒരു ഒഴികഴിവാണ്. നിരവധി വിദേശ താരങ്ങളുള്ള പാകിസ്ഥാൻ സൂപ്പർ ലീഗും (പിഎസ്എൽ) ഞങ്ങൾ നടത്തി,” മസാരി പറഞ്ഞു.അടുത്തയാഴ്ച, ദക്ഷിണാഫ്രിക്കയിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ യോഗമുണ്ട്, അതിൽ ബിസിസിഐ സെക്രട്ടറിയും എസിസി ചെയർമാനുമായ ജയ് ഷായും പിസിബി ചെയർമാനുമായ സാക്ക അഷ്റഫും പങ്കെടുക്കും.