വിക്കറ്റ് നഷ്ടം കൂടാതെ 172 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വേഗത്തിൽ റൺസ് സ്കോർ ചെയ്തു.യശസ്വി ജയ്‌സ്വാൾ ഓസ്‌ട്രേലിയയിലെ തന്റെ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു.ഓപ്പണർ 205 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും പറത്തി സെഞ്ച്വറി തികച്ചു.ആദ്യ ഇന്നിംഗ്‌സിൽ എട്ട് പന്തിൽ ഡക്കിന് പുറത്തായ 22-കാരൻ രണ്ടാം ഇന്നിങ്സിൽ മിന്നുന്ന സെഞ്ച്വറി നേടി തിരിച്ചു വന്നിരിക്കുകയാണ്. സ്കോർ 200 കടന്നപ്പോൾ രാഹുലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. എന്നാൽ ജയ്‌സ്വാൾ മികച്ച രീതിയിൽ ബാറ്റിംഗ് തുടർന്നതോടെ ഇന്ത്യയുടെ ലീഡ് 300 കടക്കുകയും ചെയ്തു. ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 275 റൺസാണ് ഇന്ത്യ നേടിയത്. 141 റൺസുമായി ജൈസ്വാളും 25 റൺസുമായി പടിക്കലുമാണ് ക്രീസിൽ. 321 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.
46 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ജൈസ്വാളും – രാഹുലും കരുതലോടെയാണ് കളിച്ചത്. ഓസീസ് ബൗളര്മാർമാരെ മികച്ച രീതിയിൽ നേരിട്ട ഇരുവരും 50 പാർട്ണർഷിപ്പ് പൂർത്തിയാക്കുകയും ചെയ്തു. ഇന്ത്യയെ 100 റൺസ് ലീഡിലേക്ക് എത്തിക്കുകയും ചെയ്തു. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 84 റൺസ് നേടാൻ സാധിച്ചു. ജയ്‌സ്വാൾ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ ഇന്ത്യൻ സ്കോർ 100 കടക്കുകയും ചെയ്തു.
രാഹുൽ അർധസെഞ്ചുറി പൂർത്തിയാക്കി.20 വർഷത്തിന് ശേഷം ഓസ്‌ട്രേലിയയിൽ 100 റൺസ് കൂട്ടുകെട്ടുണ്ടാക്കുന്ന ആദ്യ ഇന്ത്യൻ ഓപ്പണിംഗ് ജോഡിയായി ഇരുവരും മാറുകയും ചെയ്തു. ഇന്ത്യയുടെ ലീഡ് 175 കടക്കുകയും ചെയ്തു. ഇന്ത്യൻ സ്കോർ 150 കടന്നതിനു പിന്നാലെ ലീഡ് 200 പിന്നിടും ചെയ്തു. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ വിക്കറ്റ് പോവാതെ 172 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.
പേസ് ബോളര്‍മാരുടെ പറുദീസയായി മാറിയ പെര്‍ത്തില്‍ ആസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ 104 ന് പുറത്തായിരുന്നു.അഞ്ചു വിക്കറ്റ് നേടിയ ബുമ്രയാണ് ഓസീസിനെ തകർത്തെറിഞ്ഞത്.അരങ്ങേറ്റക്കാരൻ ഹർഷിത് റാണ മൂന്നു വിക്കറ്റ് വീഴ്ത്തി.ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 150 റൺസിന് ഓൾഔട്ടായി.അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാർ റെഡ്ഡിയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 59 പന്തിൽ ആറു ഫോറുകളും ഒരു സിക്സും അടിച്ച താരം 41 റൺസാണെടുത്തത്. പുറമേ ഋഷഭ് പന്ത് 78 പന്തില്‍ 37 റണ്‍സും കെ.എൽ രാഹുൽ 26 റൺസുമാണെടുത്തത്. ഓസീസിനായി ഹെയ്‌സൽവുഡ് നാലു വിക്കറ്റുകൾ വീഴ്ത്തിയപ്പോള്‍ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി.