ഇന്ന് ബൊലാൻഡ് പാർക്കിൽ നടക്കുന്ന ഏകദിന പരമ്പര നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ യുവ നിര. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി+ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര സമനിലയിലാണ്. ഇന്ന് നയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും.
ആദ്യ ഏകദിനം 8 വിക്കറ്റിന് വിജയിച്ച ഇന്ത്യ രണ്ടാം ഏകദിനത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് അതേ മാർജിനിൽ തന്നെ പരാജയപെട്ടു.ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ 7 ഉഭയകക്ഷി ഏകദിന പരമ്പരകൾ കളിച്ചിട്ടുണ്ട്, 2018-ൽ വിരാട് കോഹ്ലിയുടെ കീഴിൽ 6 മത്സരങ്ങളുള്ള പരമ്പരയിൽ മാത്രമാണ് ഇന്ത്യ വിജയം നേടിയത്. 2022-ൽ കെ എൽ രാഹുലിന്റെ കീഴിൽ ഇന്ത്യ 3-0 ന് പരാജയപ്പെട്ടു.രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് നിരയില്‍ സായ് സുദര്‍ശനും ക്യാപ്റ്റൻ കെ എല്‍ രാഹുലും മാത്രമെ ഇന്ത്യക്കായി തിളങ്ങിയുള്ളു എന്നതിനാല്‍ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഓപ്പണര്‍മാരായി റുതുരാജ് ഗെയ്ക്വാദും സായ് സുദര്‍ശനും തന്നെയാകും ഇറങ്ങുക. സായ് സുദര്ശന് തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികളുമായി തിളങ്ങിയപ്പോള്‍ ലഭിച്ച രണ്ട് അവസരങ്ങളിലും റുതുരാജ് നിരാശപ്പെടുത്തി.5ഉം 4ഉം സ്കോറുകളോടെ റുതുരാജ് തന്റെ രണ്ട് ഇന്നിംഗ്സുകളിലും എൽബിഡബ്ല്യു ആയി പുറത്തായി.6 ഏകദിനങ്ങളിൽ നിന്ന്, 115 റൺസ് മാത്രമാണ് റുതുരാജ് നേടിയത്. നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ റുതുരാജിന് മറ്റൊരു അവസരം ലഭിച്ചേക്കാം.ശ്രേയസിന്റ അഭാവത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ തിലക് വര്‍മയും പരമ്പരയില്‍ ആദ്യമായി ബാറ്റിംഗിന് അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തിയതിനാല്‍ ഇവരിലൊരാള്‍ ഇന്ന് പുറത്തായേക്കുമെന്നാണ് കരുതുന്നത്.
ദക്ഷിണാഫ്രിക്കയിൽ 4 മത്സരങ്ങളിൽ അവസരം ലഭിച്ച തിലക് വർമ്മ ഇതുവരെ പരമ്പരയിൽ തിളങ്ങിയിട്ടില്ല.രജത് പതിദാറിന് അരങ്ങേറ്റം കൊടുക്കാൻ ഇന്ത്യൻ മാനേജ്മന്റ് ആഗ്രഹിച്ചാൽ തിലക് പുറത്തിരിക്കും.ലോകകപ്പ് ടീമിന് ശേഷം ടീമിൽ തിരിച്ചെത്തിയതിന് ശേഷം സഞ്ജു സാംസണിന് രണ്ടാം ഏകദിനത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചു. 12 റൺസ് നേടി പുറത്തായ താരം മറ്റൊരു അവസരം ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടു.
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്കോറിംഗ് വഴിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്.ആദ്യ ഏകദിനത്തിൽ അർഷ്ദീപ് സിങ്ങും ആവേശ് ഖാനും മികവ് പുലർത്തിയെങ്കിലും രണ്ടാം ഏകദിനത്തിലും അത് കണ്ടില്ല.അതേസമയം ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് മുകേഷ് കുമാറിന് വിശ്രമം നൽകിയേക്കാം.ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹലിന് അവസരം ലഭിച്ചേക്കാം.
ദക്ഷിണാഫ്രിക്ക: റീസ ഹെൻഡ്രിക്സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ഡ്യൂസെൻ, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ (ഡബ്ല്യുകെ), ഡേവിഡ് മില്ലർ, വിയാൻ മൾഡർ, കേശവ് മഹാരാജ്, നാൻഡ്രെ ബർഗർ, ലിസാദ് വില്യംസ്, തബ്രൈസ് ഷംസി.
ഇന്ത്യ: റുതുരാജ് ഗെയ്ക്വാദ്, സായ് സുദർശൻ, രജത് പതിദാർ, കെ എൽ രാഹുൽ (ക്യാപ്റ്റനും ഡബ്ല്യുകെ), റിങ്കു സിംഗ്, സഞ്ജു സാംസൺ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ