2023 ഏകദിന ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യൻ നിര. ആവേശം നിറഞ്ഞ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെയും കെഎൽ രാഹുലിന്റെയും മാസ്മരിക ബാറ്റിംഗാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ കേവലം 199 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ ഓസ്ട്രേലിയ ഞെട്ടിക്കുകയുണ്ടായി. എന്നാൽ പിന്നീട് ഒരു ശക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ വിരാട് കോഹ്ലിയും രാഹുലും ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. തുടക്കത്തിൽ തന്നെ ഓപ്പണർ മിച്ചർ മാർഷിന്റെ(0) വിക്കറ്റ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഓസ്ട്രേലിയക്കായി തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. സ്മിത്ത് 46 റൺസും വാർണർ 41 റൺസുമാണ് നേടിയത്. പക്ഷേ ഇന്ത്യയുടെ സ്പിന്നർമാർ കളം നിറഞ്ഞതോടെ ഇരുവർക്കും അടിപതറി. പിന്നാലെ തുടർച്ചയായ വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.
ഇതോടെ ഓസ്ട്രേലിയയുടെ സ്കോറിങ് പതിയെ ആവുകയായിരുന്നു. മത്സരത്തിൽ കേവലം 199 റൺസ് മാത്രമാണ് ഓസ്ട്രേലിയക്ക് നേടാൻ സാധിച്ചത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ബുമ്ര, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റുകളും വീതം വീഴ്ത്തുകയുണ്ടായി.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചു കൊണ്ടാണ് ഓസ്ട്രേലിയ ആരംഭിച്ചത്. ഇന്ത്യയുടെ മുൻനിരയിലെ മൂന്നു ബാറ്റർമാരെ പൂജ്യരാക്കി മടക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു.
ഇഷാൻ കിഷൻ, രോഹിത് ശർമ, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഇന്ത്യൻ നിരയിൽ പൂജ്യരായി മടങ്ങിയത്. എന്നാൽ അതിനുശേഷം വിരാട് കോഹ്ലിയും രാഹുലും ചേർന്ന് ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ട് സൃഷ്ടിക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഒരു മികച്ച സംഭാവന ഇന്ത്യയ്ക്ക് നൽകി. 165 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. മത്സരത്തിൽ വിരാട് കോഹ്ലി 116 പന്തുകളിൽ 85 റൺസ് നേടുകയുണ്ടായി. കെഎൽ രാഹുൽ 115 പന്തുകളിൽ 97 റൺസാണ് നേടിയത്. ഇതോടെ ഇന്ത്യ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.