ടി 20 ലോകകപ്പിൽ പാകിസ്താനെതിരെ 6 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ.120 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 113റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 4 ഓവറിൽ 14 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ ബുമ്രയാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.31 റൺസ് നേടിയ റിസ്വാൻ ആണ് പാകിസ്താന്റെ ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ വിരാട് കോലിയെ നഷ്ടമായി. അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ 5 പന്തില്‍ 1 റണ്‍സെടുത്ത് പുറത്തായ കോഹ്ലി പാകിസ്ഥാനെതിരെ 3 പന്തില്‍ 4 റണ്‍സെടുത്തു മടങ്ങി. കോലിയെ നസീം ഷായുടെ പന്തിൽ ഉസ്മാൻ ഖാൻ പിടിച്ചു പുറത്താക്കുകയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ഇന്ത്യക്ക് നഷ്ടമായി.12 പന്തില്‍ 13 റണ്‍സാണ് രോഹിത് നേടിയത്. ഇന്ത്യൻ നായകനെ ഷഹീൻ അഫ്രിദിയുടെ പന്തിൽ ഹാരിസ് റൗഫ് പിടിച്ചു പുറത്താക്കി.
സ്കോർ 58 ൽ നിൽക്കെ ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. 18 പന്തിൽ നിന്നും 20 റൺസ് നേടിയ അക്സർ പട്ടേലിനെ നസീം ഷാ ക്ലീൻ ബൗൾഡ് ചെയ്തു. പിന്നാലെ റിഷബ് പന്തിനെ പുറത്താക്കാനുള്ള അവസരം പാകിസ്ഥാൻ നഷ്ടപ്പെടുത്തുകയും ചെയ്തു. 12 ആം ഓവറിൽ സ്കോർ 89 ൽ നിൽക്കെ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി. 7 റൺസ് നേടിയ സൂര്യ കുമാറിനെ ഹാരിസ് റൗഫ് പുറത്താക്കി.സ്കോർ 95 ൽ നിൽക്കെ ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. 9 പന്തിൽ നിന്നും 3 റൺസ് നേടിയ ദുബെയെ നസീം ഷാ പുറത്താക്കി.
31 പന്തിൽ നിന്നും 42 റൺസ് നേടിയ പന്തിനെ ആമിർ പുറത്താക്കി. തൊട്ടടുത്ത പന്തിൽ ജഡേജയെ ആമിർ പൂജ്യത്തിനു പുറത്താക്കിയതോടെ ഇന്ത്യ 96 റൺസിന് 7 എന്ന നിലയിലായി. 16 ആം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു.18 ആം ഓവറിൽ 112 ൽ നിൽക്കെ ഇന്ത്യക്ക് എട്ടാം വിക്കറ്റ് നഷ്ടമായി.7 റൺസ് നേടിയ പാണ്ട്യയെ ഹാരിസ് റൗഫ് പുറത്താക്കി. തൊട്ടടുത്ത പന്തിൽ ബുംറയെയും റൗഫ് പുറത്താക്കി. സ്കോർ 119 ൽ നിൽക്കെ ഇന്ത്യയുടെ അവസാന വിക്കറ്റും വീണു