ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ വമ്പൻ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 100 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി നായകൻ രോഹിത് ശർമയായിരുന്നു ബാറ്റിംഗിൽ മികവാർന്ന പ്രകടനം പുറത്തെടുത്തത്.
വമ്പൻ സ്കോറിലെത്താൻ സാധിച്ചില്ലെങ്കിലും ഇന്ത്യ 229 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യയുടെ പേസർമാരും സ്പിന്നർമാരും വരിഞ്ഞു മുറുകുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി, കുൽദീപ് യാദവ്, ബൂമ്ര എന്നിവർ മികവാർന്ന ബോളിംഗ് പ്രകടനം കാഴ്ചവച്ചു. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റർമാരായ ഗിൽ(9) കോഹ്ലി(0) ശ്രേയസ് അയ്യർ(4) എന്നിവർ ചെറിയ സ്കോറിന് കൂടാരം കയറി.
എന്നാൽ ഒരുവശത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് ആശ്വാസമായി. മത്സരത്തിൽ രോഹിത് 101 പന്തുകളിൽ 87 റൺസാണ് നേടിയത്. നാലാം വിക്കറ്റിൽ രാഹുലിനൊപ്പം ചേർന്ന് 91 റൺസിന്റെ നിർണായകമായ കൂട്ടുകെട്ട് രോഹിത് കെട്ടിപ്പടുത്തു. ഇങ്ങനെ ഇന്ത്യ ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. അവസാന ഓവറുകളിൽ 47 പന്തുകളിൽ 49 റൺസ് നേടിയ സൂര്യകുമാർ യാദവും മികവ് പുലർത്തിയതോടെ ഇന്ത്യ 229 എന്ന സ്കോറിൽ എത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കം മുതൽ ഇന്ത്യയുടെ പേസർമാർ വരിഞ്ഞു മുറുകുകയായിരുന്നു. ബൂമ്രയും ഷാമിയും പവർപ്ലെ ഓവറുകളിൽ തന്നെ ലെങ്ത് കണ്ടെത്തിയതോടെ ഇംഗ്ലണ്ട് നന്നായി വിയർത്തു. പവർപ്ലേ ഓവറുകളിൽ തന്നെ ഇംഗ്ലണ്ടിന്റെ 4 മുൻനിര ബാറ്റർമാരെ കൂടാരം കയറ്റാൻ ഇന്ത്യയുടെ പേസർമാർക്ക് സാധിച്ചു. പിന്നാലെ കുൽദീപും ജഡേജയും സ്പിന്നുമായി എത്തിയപ്പോൾ ഇംഗ്ലണ്ട് നിര തകർന്നടിയുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്കായി ഷാമി 4 വിക്കറ്റുകളും, ബൂമ്ര 3 വിക്കറ്റുകളും കുൽദീപ് 2 വിക്കറ്റുകളും വീഴ്ത്തുകയുണ്ടായി. ഇന്ത്യയുടെ ലോകകപ്പിലെ ആറാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഈ വിജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു.