231 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. എന്നാൽ 12 ഓവറിൽ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിട്ടു , രണ്ടു വിക്കറ്റുകളാണ് നഷ്ടമായത്. ടോം ഹാർട്ട്ലി എറിഞ്ഞ ഓവറിലെ നാലാം പന്തിൽ 15 റൺസ് എടുത്ത ജയ്സ്വാളിനെ ഷോട്ട് ലെഗിൽ പോപ്പ് പിടിച്ചു പുറത്താക്കി. തൊട്ടടുത്ത പന്തിൽ ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി.
തുടർച്ചയായ മത്സരങ്ങളിൽ മൂന്നാം നമ്പറിൽ ഗിൽ പരാജയപ്പെടുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. സ്കോർ 63 ൽ നിൽക്കെ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. 58 പന്തിൽ നിന്നും 39 റൺസ് നേടിയ ശർമയെ ടോം ഹാര്ട്ലി വിക്കറ്റിന് മുന്നിൽ കുടുക്കി.അഞ്ചാം നമ്പറിൽ അക്സർ പട്ടേലാണ് ബാറ്റ് ചെയ്യാനെത്തിയത്.ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് നേടിയിട്ടുണ്ട്.
ഇന്ത്യക്ക് മുന്നിൽ 231 റൺസ് വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ട് വെച്ചത്.ഒലി പോപ്പിന്റെ 196 റൺസിന്റെ മികവിലാണ് ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക് എത്തിയത്. ഇംഗ്ലണ്ട് ഇന്നിംഗ്സ് 420 റൺസിന് അവസാനിച്ചു. 278 പന്തിൽ നിന്നും 21 ബൗണ്ടറികളോടെയാണ് പോപ്പ് 196 റൺസ് നേടിയത്. ഇന്ത്യക്കായി ബുംറ നാലും അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തി.6 വിക്കറ്റിന് 316 എന്ന നിലയിൽ നിന്നും നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 339 ൽ നിൽക്കെ ഏഴാം വിക്കറ്റ് നഷ്ടമായി. 53 പന്തിൽ നിന്നും 28 റൺസ് നേടിയ രെഹാൻ അഹ്മദിനെ ബുംറ പുറത്താക്കി. പോപ്പും -റെഹാനും ചേർന്ന് ഏഴാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്തു. ഒന്പതാമനായി ഇറങ്ങിയ ഹാർട്ട്ലിയെ കൂട്ടുപിടിച്ച് പോപ്പ് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോവുകയും ലീഡ് 200 കടത്തുകയും ചെയ്തു. ഇരുവരും തമ്മിൽ 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.
അതിനിടയിൽ സിറാജിന്റെ പന്തിൽ പോപ്പിന്റെ ക്യാച്ച് സ്ലിപ്പിൽ രാഹുൽ വിട്ടു കളയുകയും ചെയ്തു.ഈ ഇന്നിംഗ്സിൽ ഇത് രണ്ടാം തവണയാണ് പോപ്പിനെ ഇന്ത്യൻ ഫീൽഡർമാർ വിട്ടു കളയുന്നത്.നേരത്തെ അക്സർ പട്ടേൽ പോപ്പിന്റെ ക്യാച്ച് നഷ്ടപെടുത്തിയിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും പോപ്പ് -ടോം ഹാർട്ട്ലി കൂട്ടുകെട്ട് പൊളിക്കാൻ സാധിച്ചില്ല. ഇംഗ്ലണ്ട് 7 വിക്കറ്റിന് 419 റൺസ് എന്ന നിലയിൽ എത്തിയപ്പോൾ 34 റൺസ് നേടിയ ടോം ഹാർട്ട്ലിയെ അശ്വിൻ ക്ലീൻ ബൗൾഡ് ചെയ്തു.ഐഎസ് താരങ്ങളും എട്ടാം വിക്കറ്റിൽ 80 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി.പിന്നാലെ വുഡിനെ ജഡേജ പൂജ്യത്തിനു പുറത്താക്കി.196 റൺസ് നേടിയ പോപ്പിനെ ബുംറ ക്ളീൻ ബൗൾഡ് ചെയ്തതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 420 നു അവസാനിച്ചു.