സഞ്ജു സാംസൺ ടീമിൽ ,രോഹിത് ശർമയും വിരാട് കോലിയും പുറത്ത് : വെസ്റ്റ് ഇൻഡീസിന് എതിരായ ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടി. ഹാർദിക് പാണ്ഡ്യയാണ് ടീം ക്യാപ്റ്റൻ. വിരാട് കോഹ്‍ലിയും രോഹിത് ശർമ്മയും ടീമിൽ ഇടംപിടിച്ചില്ല. തിലക് വർമ്മയും യശ്വസി ജയ്സ്വാളും ആദ്യമായി ഇന്ത്യൻ ട്വന്റി 20 ടീമിൽ ഇടംപിടിച്ചു.

ബിസിസിഐ ചീഫ് സെലക്ടറായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റതിന്‌ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യന്‍ സ്‌ക്വാഡ് കൂടിയാണിത്. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റനായി പരമ്പരയിലുണ്ടാകും.വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും സ്ഥാനം പിടിച്ചിട്ടുണ്ട്.

ടീമിന് പുറത്തായിരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഏകദിന പരമ്പരയിലും ഉള്‍പ്പെടുത്തിയിരുന്നു. സഞ്ജുവിന്റെ ടി20 ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് ഈ തീരുമാനം. വെസ്റ്റ് ഇന്‍ഡീസില്‍ അഞ്ച് മത്സര ടി20 പരമ്പരയായതിനാല്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കണ്ടറിയാം.

പേസര്‍മാരായ അര്‍ഷ്ദീപ് സിംഗും ആവേശ് ഖാനും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിക്ക് ടി20 ടീമിലും വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക് ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സ്പിന്നറായ രവി ബിഷ്ണോയിയും ടീമില്‍ തിരിച്ചെത്തി. അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും സ്പിന്നര്‍മാരായി ടീമിലുണ്ട്.

ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് ട്വന്‍റി 20കളുള്ള പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുക. ഓഗസ്റ്റ് 6, 8, 12, 13 തിയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഇതില്‍ അവസാന രണ്ട് ടി20കള്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ വച്ചാണ് നടക്കുക.

Rate this post
sanju samson