രണ്ടാം ടെസ്റ്റിൽ 52 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്ത്യ | India | Bangladesh

കാൺപൂർ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 52 റൺസിന്റെ ലീഡുമായി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 9 വിക്കറ്റിന് 285 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 233 റൺസിന്‌ പുറത്തായിരുന്നു. ഇന്ത്യക്കായി ജയ്‌സ്വാൾ 72 ഉം രാഹുൽ 68 റൺസും നേടി .ബംഗ്ലാദേശിനായി ഷാക്കിബും മെഹ്ദി ഹസനും നാല് വിക്കറ്റുകൾ വീഴ്ത്തി .

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ജയ്‌സ്വാളും രോഹിത്തും മികച്ച തുടക്കമാണ് നല്‍കിയത്. ടീം മൂന്നോവറില്‍ തന്നെ അമ്പത് കടന്നു. ജയ്‌സ്വാളായിരുന്നു കൂടുതല്‍ അപകടകാരി. ടീം സ്‌കോര്‍ 55 നില്‍ക്കേ രോഹിത്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തില്‍ നിന്ന് ഒരു ഫോറും മൂന്ന് സിക്‌സറുകളുമടക്കം രോഹിത് 23 റണ്‍സെടുത്തു. ഇന്ത്യ 10.1 ഓവറിലാണ് 100 പിന്നിട്ടത്. ടെസ്റ്റ് ചരിത്രത്തിൽ അതിവേഗം 50 ഉം 100 ഉം സ്കോറുകൾ പിന്നിടുന്ന ടീമെന്ന റെക്കോർഡ് ഇതോടെ ഇന്ത്യയുടെ പേരിലായി.

ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ മൂന്ന് ഓവറിൽ 51 റണ്‍സാണ് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും രോഹിത് ശർമയും ചേർന്ന് അടിച്ചുകൂട്ടിയത്.അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാള്‍, (51 പന്തിൽ 72) ഹസന മഹ്മൂദിന്റ പന്തിൽ പുറത്തായി.തകർത്തടിച്ച ശുഭ്മൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും വിക്കറ്റുകൾ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ സ്വന്തമാക്കി.ശുഭ്മൻ ഗിൽ 39 റൺസും പന്ത് 9 റൺസുമാണ് നേടിയത്. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന കോലി രാഹുൽ സഖ്യം ആക്രമണം തുടർന്നു . സ്കോർ 246 ആയപ്പോൾ 35 പന്തിൽ നിന്നും 47 റൺസ് നേടിയ കോലിയെ ഷാകിബ് പുറത്താക്കി .

8 റൺസ് നേടിയ ജഡേജയുടെ വിക്കറ്റ് മെഹ്ദി ഹസൻ നേടി.പിന്നാലെ ഒരു റൺസ് നേടിയ അശ്വിനെ ഷാകിബ് പുറത്താക്കി. സ്കോർ 284 ആയപ്പോൾ 43 പന്തിൽ നിന്നും 68 റൺസ് നേടിയ രാഹുലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. സ്കോർ 285 ആയപ്പോൾ ആകാശ് ദീപിന്റെ വിക്കറ്റ് പോയതോടെ ഇന്ത്യ ഡിക്ലയർ ചെയ്തു.

5/5 - (1 vote)