നെതർലാൻഡ്സിനെതിരായ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിലും കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 160 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ ലോകകപ്പിലെ തുടർച്ചയായ ഒമ്പതാം വിജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് മുൻനിര തന്നെയായിരുന്നു.
ഇന്ത്യക്കായി ശ്രേയസ് അയ്യരും കെഎൽ രാഹുലും മത്സരത്തിൽ തകർപ്പൻ സെഞ്ചുറികൾ സ്വന്തമാക്കുകയുണ്ടായി. ബോളിങ്ങിൽ എല്ലാ ബോളർമാരും മികവ് പുലർത്തിയപ്പോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം തന്നെയാണ് രോഹിത് ശർമയും ഗില്ലും നൽകിയത്. ആദ്യ വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. രോഹിത് ശർമ 61 runsum ശുഭ്മാൻ ഗിൽ 51 റൺസുമാണ് മത്സരത്തിൽ നേടിയത്. ഇരുവർക്കും ശേഷമേത്തിയ വിരാട് കോഹ്ലി 51 റൺസുമായി തിളങ്ങിയപ്പോൾ ഇന്ത്യ ശക്തമായ സ്കോറിലേക്ക് കുതിച്ചു.
പിന്നീട് കാണാൻ സാധിച്ചത് ശ്രേയസ് അയ്യരുടെയും കെഎൽ രാഹുലിന്റെയും ഒരു വെടിക്കെട്ട് തന്നെയായിരുന്നു. ഇരുവരും മത്സരത്തിൽ തകർപ്പൻ സെഞ്ചറികൾ സ്വന്തമാക്കി. അയ്യർ മത്സരത്തിൽ 94 പന്തുകളിൽ 10 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 128 റൺസ് ആണ് നേടിയത്. രാഹുൽ 64 പന്തുകളിൽ 11 ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 102 റൺസ് നേടി.
ഇരുവരും മത്സരത്തിൽ മികവ് പുലർത്തിയപ്പോൾ ഇന്ത്യ 410 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡച്ച് പടയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ബരെസിയുടെ വിക്കറ്റ് നഷ്ടമായി. പിന്നീടെത്തിയ ബാറ്റർമാർ ക്രീസിലുറക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ല. മാത്രമല്ല ഇന്ത്യൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കിയതും നെതർലാൻഡ്സിനെ ബാധിച്ചു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, ബൂമ്രാ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് തുടങ്ങിയവർ മികച്ച ബോളിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. ബുധനാഴ്ച ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം നടക്കുന്നത്.