അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിലും ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 33 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്. ഇന്ത്യക്കായി ഋതുരാജ് സഞ്ജു സാംസൺ, റിങ്കു സിംഗ് എന്നിവർ ബാറ്റിംഗിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു. ഈ വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ 2-0 എന്ന നിലയിലാണ് പരമ്പര. എന്തായാലും വിൻഡീസിനെതിരെ ട്വന്റി20 പരമ്പര നഷ്ടമായ ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ് അയർലൻഡിനെതിരായ ഈ വിജയങ്ങൾ നൽകുന്നത്.
മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തങ്ങളുടെ ഓപ്പണർ ജയിസ്വാളിന്റെ(18) വിക്കറ്റ് നഷ്ടമായി. ഒപ്പം പിന്നാലെയെത്തിയ തിലക് വർമയും(1)? മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിൽ ആവുകയായിരുന്നു. പക്ഷേ മൂന്നാം വിക്കറ്റിൽ സഞ്ജു സാംസണും ഋതുരാജും ചേർന്ന് ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് സമ്മാനിച്ചു. ഋതുരാജ് മത്സരത്തിൽ 43 പന്തുകളിൽ 6 ബൗണ്ടറി mകളും ഒരു സിക്സറും ഉൾപ്പെടെ 58 റൺസാണ് നേടിയത്. സഞ്ജു സാംസൺ 26 പന്തുകളിൽ 5 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 40 റൺസ് നേടി. ഇവർക്കൊപ്പം അവസാന ഓവറിൽ 21 പന്തുകളിൽ 38 റൺസ് നേടിയ റിങ്കു സിങ്ങും അടിച്ചുതകർത്തതോടെ മത്സരത്തിൽ ഇന്ത്യ 185 എന്ന സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. നായകൻ സ്റ്റിർലിഗിന്റെയും ടക്കറുടെയും വിക്കറ്റുകൾ അയർലൻഡിന് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ഒരുവശത്ത് ബാൽബിർണി ക്രീസിൽ ഉറയ്ക്കുകയുണ്ടായി. ബാൽബിർണി തകർപ്പൻ ഷോട്ടുകൾ കളിച്ച് ഒരു വശം കാത്തപ്പോൾ, മറുവശത്ത് ഇന്ത്യ കൃത്യമായ രീതിയിൽ സമ്മർദ്ദം ഉയർത്തി. ഇത് അയർലൻഡിനെ വലിയ രീതിയിൽ ബാധിക്കുകയായിരുന്നു. ബാൽബിർണി ഒഴികെയുള്ള മറ്റ് അയർലൻഡ് ബാറ്റർമാർക്ക് മത്സരത്തിൽ മികവുപുലർത്താൻ സാധിക്കാതെ വന്നത് പരാജയത്തിൽ കലാശിച്ചു.
മത്സരത്തിൽ ബാൽബിർണി 51 പന്തുകളിൽ 72 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 5 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. അങ്ങനെ 33 റൺസിന്റെ പരാജയം അയർലൻഡ് ഏറ്റു വാങ്ങുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. മാത്രമല്ല യുവതാരങ്ങളായ റിങ്കു സിംഗ്, സഞ്ജു സാംസൺ തുടങ്ങിയവർ മത്സരത്തിലൂടെ ഫോമിയിലേക്ക് തിരികെയെത്തിയതും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നു.