സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയും ജയിക്കാൻ കഴിയുമെന്ന് തെളിയിച്ച് ഇന്റർ മയാമി. മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മിയാമി സ്പോർട്ടിംഗ് കെസിയെ 3-2ന് തോൽപിച്ചു. മിയാമിക്കായി കാമ്പാന രണ്ടുതവണ വലകുലുക്കി,ഫകുണ്ടോ ഫാരിയസിന്റെ വകയായിരുന്നു മൂന്നാമത്തെ ഗോൾ.
മെസ്സി വന്നതിന് ശേഷം 12 മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറിയ മയാമിയുടെ സൂപ്പർ താരമില്ലാത്ത ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ ഡാനിയൽ സല്ലോയിയുടെ ഗോളിൽ സ്പോർട്ടിംഗ് കെസി മുന്നിലെത്തി. 25 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും കാമ്പാന നേടിയ ഗോളിൽ മയാമി സമനില പിടിച്ചു.
45 ആം മിനുട്ടിൽ വീണ്ടുമൊരു ഗോളിലൂടെ കാമ്പാന ഇന്റർ മയമിയെ മുന്നിലെത്തിച്ചു.60-ാം മിനിറ്റിൽ ഫാരിയസ് സ്കോർ 3-1 ആക്കി. 78 ആം മിനുട്ടിൽ അലൻ പുലിഡോ സ്പോർട്ടിംഗ് കെസിക്കായി ഇരു ഗോൾ മടക്കി. ലയണൽ മെസ്സിയുടെ അഭാവം മറികടക്കുന്ന പ്രകടനമാണ് ഇന്ന് ഇക്വഡോറിയൻ സ്ട്രൈക്കർ കാമ്പാന പുറത്തെടുത്തത്.സെപ്തംബർ 16 ന് ഇന്റർ മിയാമി അറ്റ്ലാന്റ യുണൈറ്റഡ് നേരിടും.