ഇന്ത്യയുടെ പാകിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. കെഎൽ രാഹുലിന് പകരക്കാരനായി ടീമിലെത്തിയ ഇഷാൻ കിഷാൻ മത്സരത്തിൽ 82 റൺസ് നേടി ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായി മാറുകയായിരുന്നു. ക്രീസിലെത്തിയ ആദ്യ സമയങ്ങളിൽ തന്നെ ആക്രമണം അഴിച്ചുവിട്ട ഇഷാൻ കിഷൻ പാക്കിസ്ഥാൻ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കുകയുണ്ടായി.
എന്തായാലും വലിയ അപകടത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ഇഷാന് സാധിച്ചിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തിൽ പാകിസ്താന്റെ തീയുണ്ട ബോളർമാർക്ക് മുൻപിൽ ഇന്ത്യൻ മുൻനിര തകർന്നു വീഴുകയുണ്ടായി. രോഹിത്, ശുഭ്മാൻ ഗിൽ വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർ ചെറിയ സ്കോറിന് തന്നെ കൂടാരം കയറിയപ്പോൾ ഇന്ത്യ 66ന് 4 എന്ന നിലയിൽ പതറി.
അവിടെ നിന്നാണ് ഇഷാൻ കിഷൻ ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത്. നേരിട്ട ആദ്യ ബോള് മുതൽ ആക്രമിച്ചു തന്നെയാണ് ഇഷാൻ കിഷൻ കളിച്ചത്. യാതൊരുവിധ സമ്മർദ്ദവുമില്ലാതെ പാകിസ്ഥാൻ ബോളർമാരെ നേരിടാൻ കിഷന് സാധിച്ചു.ഒരുവശത്ത് ഹർദിക് പാണ്ഡ്യ സ്ട്രൈക്ക് കൈമാറി സ്കോറിങ് ഉയർത്തിയപ്പോൾ മറുവശത്ത് ഇഷാൻ കിഷൻ കിട്ടിയ അവസരങ്ങളിലൊക്കെ പാകിസ്ഥാൻ ബോളർമാരെ ബൗണ്ടറി കടത്തുകയുണ്ടായി. മത്സരത്തിൽ കിഷൻ 81 പന്തുകളിൽ 82 റൺസാണ് സ്വന്തമാക്കിയത്.
Ishan Kishan is on a mission 💪#INDvPAK #AsiaCup2023 pic.twitter.com/9GbwVpqhLj
— ESPNcricinfo (@ESPNcricinfo) September 2, 2023
ഇന്നിംഗ്സിൽ 9 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. ദയനീയമായി പാക്കിസ്ഥാൻ ബോളിങ്ങിനു മുൻപിൽ തകരാനിരുന്ന ഇന്ത്യയേയാണ് ഇഷാൻ കിഷനും ഹർദിക് പാണ്ഡ്യയും മത്സരത്തിൽ തിരികെ കൊണ്ടുവന്നത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ടും കെട്ടിപ്പടുക്കുകയുണ്ടായി. ഇത് ഇന്ത്യയെ മത്സരത്തിൽ ശക്തമായ നിലയിൽ എത്തിച്ചു.
അടുത്തിടെ വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായ മൂന്ന് അർധസെഞ്ചുറികൽ ഇഷാൻ കിഷൻ നേടിയിരുന്നു.എംഎസ് ധോണിക്ക് ശേഷം തുടർച്ചയായി നാല് ഏകദിന അർദ്ധസെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറായി കിഷൻ.17 ഏകദിന ഇന്നിംഗ്സുകളിൽ നിന്ന് ഒരു സെഞ്ചുറിയും (ബംഗ്ലാദേശിനെതിരെ 210)ആറ് അർധസെഞ്ചുറികളും സഹിതം 750-ലധികം റൺസ് കിഷൻ നേടിയിട്ടുണ്ട്.