ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷെഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 23 ആം മിനുട്ടിൽ ഗ്രീക്ക് സ്ട്രൈക്കർ ഡയമൻ്റകോസ് നേടിയ ഗോളിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെതിരെ ജാവിയർ സിവേരിയോ നേടിയ ഗോളിൽ ജാംഷെഡ്പൂർ സമനില പിടിച്ചു. 19 മത്സരങ്ങളിൽ നിന്നും 30 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് ജാംഷെഡ്പൂരിനെതിരെയുള്ള മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് താരം ജസ്റ്റിൻ ബോക്സിന് പുറത്ത് നിന്നും എടുത്ത ഷോട്ട് പുറത്തേക്ക് പോയി. മത്സരത്തിലേക്ക് പതിയെ തിരിച്ചുവന്ന ജാംഷെഡ്പൂരിന് പതിനൊന്നാം മിനുട്ടിൽ ഗോളടിക്കാൻ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല.
23 ആം മിനുട്ടിൽ ഗ്രീക്ക് സ്ട്രൈക്കർ ഡയമൻ്റകോസ് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി.ജസ്റ്റിൻ കൊടുത്ത പാസിൽ ഇന്നും ഇടം കാൽ കൊണ്ടാണ് ദിമിത്രിയോ ഡയമൻ്റകോസ് ഗോളടിച്ചത്.താരത്തിന്റെ ലീഗിലെ 13 ആം ഗോളായിരുന്നു ഇത്. 40 ആം മിനുട്ടിൽ പരിക്ക് പറ്റിയ ജസ്റ്റിന് പകരമായി ഫെഡോർ സെർണിച്ച് ഇറങ്ങി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്നേ ജാംഷെഡ്പൂർ സമനില പിടിച്ചു. ജാവിയർ സിവേരിയോയാണ് ജംഷഡ്പൂരിനായി ഗോളടിച്ചത്.
രണ്ടാം പകുതിയിൽ ജാംഷെഡ്പൂരാണ് മികച്ച് നിന്നത്. 61 ആം മിനുട്ടിൽ ബോക്സിന് പുറത്ത് പന്ത് സ്വീകരിച്ച് രാഹുൽ കെ.പി എടുത്ത ഷോട്ട് പുറത്തേക്ക് പോയി. മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ ഇരു ടീമുകളും മുന്നേറ്റം ശക്തമാക്കി. 82 മ മിനുട്ടിൽ ഇഷാൻ പണ്ഡിതക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. 86 ആം മിനുട്ടിൽ ബോക്സിനുള്ളിൽ നിന്നും ഡിഫെൻഡർമാരെ മറികടന്ന് സെർണിച്ച് എടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി.ഇഞ്ചുറി ടൈമിൽ ജാംഷെഡ്പൂർ താരത്തിന്റെ ഗോൾ ശ്രമം ബ്ലാസ്റ്റേഴ്സ് കീപ്പർ തടുത്തിട്ടു.