ഇന്ത്യയും അയർലൻഡും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 ഞായറാഴ്ച ദി വില്ലേജിൽ നടന്നു.ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ടീം ആതിഥേയരെ 33 റൺസിന് പരാജയപ്പെടുത്തി 2-0ന് മുന്നിലെത്തി പരമ്പര സ്വന്തമാക്കി. ഞായറാഴ്ചത്തെ വിജയം അയർലൻഡിനെതിരായ ഇന്ത്യയുടെ ഏഴാമത്തെ ടി20 വിജയമാണ്.
തുടർച്ചയായ രണ്ടാം മത്സരത്തിലും മികവ് പുലർത്തിയ ബുംറ നീണ്ട നാളത്തെ ഇടവേളക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്.നാലോവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് താരം രണ്ട് വിക്കറ്റ് വീഴ്ത്തിയത്. തുടർച്ചയായ രണ്ടാം മത്സരമാണ് അദ്ദേഹം രണ്ട് ഐറിഷ് ബാറ്റർമാരെ പുറത്താക്കിയത്. രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറ, ഹാർദിക് പാണ്ഡ്യയെ മറികടന്ന് ടി20യിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറായി. ഇതുവരെ കളിച്ച 62 ടി20 മത്സരങ്ങളിൽ നിന്ന് 74 വിക്കറ്റുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്റെ ഒരു അതുല്യ ലോക റെക്കോർഡിനൊപ്പവും ബുമ്രയെത്തി.
29-കാരനായ ബുംറ അയർലൻഡിന്റെ ഇന്നിംഗ്സിന്റെ അവസാന ഓവർ എറിഞ്ഞു, അതിൽ ഒരു റൺ പോലും വഴങ്ങിയില്ല, ഇത് ടി20യിൽ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവറുകൾ എറിഞ്ഞ ഭുവനേശ്വറിന്റെ റെക്കോർഡിന് ഒപ്പമെത്താൻ അദ്ദേഹത്തെ സഹായിച്ചു.ഐസിസിയുടെ മുഴുവൻ സമയ അംഗമോ ടി20 ലോകകപ്പിൽ കളിച്ചിട്ടുള്ളതോ ആയ ഒരു ടീമിൽ നിന്നുമുള്ള മറ്റൊരു കളിക്കാരനും ടി20യിൽ ബുംറയെയും ഭുവനേശ്വറിനെയും അപേക്ഷിച്ച് കൂടുതൽ മെയ്ഡൻ ഓവർ എറിഞ്ഞിട്ടില്ല.10 മെയ്ഡൻ ഓവർ ഇരു താരങ്ങളും എറിഞ്ഞിട്ടുണ്ട്.ഭുവനേശ്വർ 87 ടി20യിൽ 10 മെയ്ഡനുകൾ എറിഞ്ഞു, അതേസമയം ബുംറ തന്റെ 62-ാം മത്സരത്തിൽ ഈ നേട്ടം കൈവരിച്ചു.
ബംഗ്ലാദേശിന്റെ മുസ്തഫിസുർ റഹ്മാൻ, ശ്രീലങ്കയുടെ മുൻ പേസർ നുവാൻ കുലശേഖര എന്നിവർ ആറ് മെയ്ഡൻ ഓവറുകളുമായി സംയുക്ത-രണ്ടാം സ്ഥാനത്താണ്.ടി20യിൽ ഏറ്റവും കൂടുതൽ മെയ്ഡനുകൾ എറിഞ്ഞ ബൗളർമാരുടെ മൊത്തത്തിലുള്ള പട്ടികയിൽ ഉഗാണ്ട ക്രിക്കറ്റ് താരം ഫ്രാങ്ക് സുബുഗയാണ് ഒന്നാം സ്ഥാനത്ത്. 50 ടി20യിൽ 15 ഓവറിൽ ഒരു റൺസ് പോലും വഴങ്ങിയിട്ടില്ല. 41 ടി20കളിൽ 10 മെയ്ഡൻ ഓവർ എറിഞ്ഞ ജർമ്മനി സ്പിന്നർ ഗുലാം അഹമ്മദി ബുംറയ്ക്കും ഭുവനേശ്വറിനുമൊപ്പം രണ്ടാം സ്ഥാനത്താണ്.