അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ബൗൾ ചെയ്യുന്നതിനിടെ സ്റ്റാർ ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറയ്ക്ക് നടുവേദന അനുഭവപ്പെട്ടു.പേസർ ഉടൻ തന്നെ സ്‌കാനിംഗിന് വിധേയനാക്കുകയും പിന്നീട് ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. മൂന്നാം ദിനത്തിൽ ഇന്ത്യ 162 റൺസ് എന്ന ചെറിയ ലക്ഷ്യം പ്രതിരോധിക്കുന്നതിനിടെ, അദ്ദേഹം കളത്തിലിറങ്ങാതിരുന്നത് ക്രിക്കറ്റ് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കി.
ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീത് ബുംറ 32 വിക്കറ്റുകൾ നേടിയിരുന്നു.ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 കണക്കിലെടുത്ത്, ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പരയിലെ മിക്ക മത്സരങ്ങളിൽ നിന്നും ഇന്ത്യയുടെ സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും.അഞ്ച് മത്സരങ്ങളുള്ള ഈ പരമ്പരയിൽ ജസ്പ്രീത് ബുംറ 150 ഓവറിലധികം പന്തെറിഞ്ഞിരുന്നു. അമിത ജോലിഭാരം കാരണം ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റു, 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് അദ്ദേഹം തയ്യാറാണെന്ന് ഉറപ്പാക്കാൻ ബിസിസിഐ മെഡിക്കൽ ടീം ശ്രമിക്കും.
ഈ ടൂർണമെൻ്റിലെ ഇന്ത്യയുടെ പ്രകടനം പ്രധാനമായും ജസ്പ്രീത് ബുംറയുടെ സാന്നിധ്യത്തെ ആശ്രയിച്ചിരിക്കും. ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി നടക്കുക. ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ടൂർണമെൻ്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഫെബ്രുവരി 23 ന് ദുബായിൽ നടക്കും.ജസ്പ്രീത് ബുംറയുടെ പുറംവേദനയുടെ ഗ്രേഡ് (പരിക്കിൻ്റെ നില) ഇതുവരെ അറിവായിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു ഉറവിടം പറഞ്ഞു. ഫെബ്രുവരി 20ന് ദുബായിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ക്യാമ്പയിൻ ആരംഭിക്കുന്നത്. ജസ്പ്രീത് ബുംറയുടെ പരുക്ക് ഗ്രേഡ് വൺ വിഭാഗത്തിലാണെങ്കിൽ, ഗെയിമിലേക്ക് മടങ്ങുന്നതിന് മുമ്പ് കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും പുനരധിവാസത്തിൽ ചെലവഴിക്കേണ്ടിവരും.ഗ്രേഡ് രണ്ട് പരിക്ക് സുഖം പ്രാപിക്കാൻ ആറാഴ്ച വരെ എടുത്തേക്കാം, അതേസമയം ഗ്രേഡ് ത്രീ പരിക്കിന് ഗുരുതരമായി കണക്കാക്കിയാൽ കുറഞ്ഞത് മൂന്ന് മാസത്തെ വിശ്രമവും പുനരധിവാസവും ആവശ്യമാണ്.
ഈ വർഷം ഈ ഫോർമാറ്റിൽ ലോകകപ്പ് ഇല്ലാത്തതിനാൽ ബുംറ ഇംഗ്ലണ്ടിനെതിരായ ഉഭയകക്ഷി ടി20 പരമ്പര കളിക്കില്ലെന്ന് ഏറെക്കുറെ തീരുമാനമായി. ചാമ്പ്യൻസ് ട്രോഫി കണക്കിലെടുത്ത്, ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളിൽ രണ്ടെണ്ണമെങ്കിലും കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.അദ്ദേഹത്തിൻ്റെ പരിക്കിൻ്റെ തീവ്രത ഇംഗ്ലണ്ടിനെതിരായ 50 ഓവർ ഫോർമാറ്റിൽ കളിക്കാനാകുമോ ഇല്ലയോ എന്ന് നിർണ്ണയിക്കും. ഈ പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 12ന് അഹമ്മദാബാദിൽ നടക്കും. ജനുവരി 22 മുതൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ കളിക്കും.