ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ബാക്കിയുള്ള മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിന് അവരുടെ ഓപ്പണർ ജോസ് ബട്ട്‌ലറെ നഷ്ടമാകും. മെയ് 22 മുതൽ പാക്കിസ്ഥാനെതിരായ നാല് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ കളിക്കാൻ ബട്ട്ലർ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും.ലീഗ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെയാണ് ഇംഗ്ലണ്ടിൻ്റെ ടി20 ക്യാപ്റ്റൻ റോയൽസിൻ്റെ ക്യാമ്പ് വിട്ടത്.
ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയായിരുന്നു ബട്ട്‌ലറുടെ അവസാന മത്സരം, അവിടെ അദ്ദേഹം 25 പന്തിൽ 21 റൺസ് നേടിയപ്പോൾ 142 റൺസ് വിജയലക്ഷ്യം പ്രതിരോധിക്കുന്നതിൽ ടീം പരാജയപ്പെട്ടു.ജൂണിൽ യുഎസിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ലോകകപ്പ് 2024 ന് തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇംഗ്ലണ്ട് പാകിസ്താനെതിരെ പരമ്പര കളിക്കുന്നത്.
ടി20 ലോകകപ്പിന് മുമ്പ് ടീമിനെ ഒന്നിപ്പിക്കാനും കുറച്ച് മത്സരങ്ങളിൽ ഒരുമിച്ച് കളിക്കാനുമാണ് ബട്ട്‌ലറുടെ പദ്ധതിയെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻ്റെ മാനേജിംഗ് ഡയറക്ടർ റോബ് കീ വെളിപ്പെടുത്തി.കഴിഞ്ഞ മൂന്ന് മത്സരങ്ങളും തോറ്റ രാജസ്ഥാൻ റോയൽസിന് ബട്ട്‌ലർ വിടവാങ്ങുന്നത് വലിയ തിരിച്ചടിയാണ്. 12 മത്സരങ്ങളിൽ എട്ട് ജയവുമായി അവർ ഇപ്പോഴും രണ്ടാം സ്ഥാനത്താണ്, പക്ഷേ ഇതുവരെ പ്ലേഓഫിൽ സ്ഥാനം ഉറപ്പിച്ചിട്ടില്ല. ഈ സീസണിൽ 11 ഇന്നിംഗ്‌സുകളിൽ നിന്ന് 140.78 സ്‌ട്രൈക്ക് റേറ്റിലും 39.88 ശരാശരിയിലും രണ്ട് സെഞ്ച്വറികളോടെ ബട്ട്‌ലർ 359 റൺസ് നേടി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്ലേഓഫിൽ ഫിൽ സാൾട്ടിനെ നഷ്ടമാകും.വെറും 12 മത്സരങ്ങളിൽ നിന്ന് 182 സ്ട്രൈക്ക് റേറ്റിൽ 435 റൺസ് നേടിയ താരം മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.മെയ് 18 ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആർസിബിക്കെതിരെയുള്ള നിർണായക പോരാട്ടത്തിൽ പങ്കെടുക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ മൊയിൻ അലിയും പ്ലേ ഓഫിൽ ലഭ്യമല്ല.