ഏഷ്യാകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ഇഷാൻ കിഷൻ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിരുന്നു. ഇതിന് പിന്നാലെ കിഷന്റെ പേരിൽ വാക്പോരിൽ ഏർപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് കൈഫും ഗൗതം ഗംഭീറും. രാഹുൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയാൽ ഇഷാൻ കിഷൻ ടീമിൽ നിന്ന് പുറത്താവും എന്നാണ് ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെടുന്നത്. ഗൗതം ഗംഭീറുമായി ഒരു ഷോയിൽ ആയിരുന്നു കൈഫ് തന്റെ അഭിപ്രായം അറിയിച്ചത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ കിഷൻ മികച്ച പ്രകടനം കാഴ്ചവച്ചതോടെ, രാഹുൽ ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തുമ്പോൾ കിഷനെ പുറത്താക്കുമോ എന്ന വിഷയത്തിലാണ് സൂപ്പർതാരങ്ങൾ സംസാരിച്ചത്.
രാഹുൽ ടീമിന് പുറത്തായത് മോശം ഫോം കൊണ്ടല്ലെന്നും പരിക്ക് മൂലമാണെന്നും മുഹമ്മദ് കൈഫ് പറയുകയുണ്ടായി. മാത്രമല്ല, രാഹുൽ പലതവണ താൻ ഒരു മാച്ച് വിന്നറാണ് എന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ തിരിച്ചെത്തിയാൽ പ്ലെയിങ് ഇലവനിൽ കളിക്കാൻ അർഹനാണ് എന്നാണ് കൈഫ് പറയുന്നത്. എന്നിരുന്നാലും ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ പരമാവധി കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് കൈഫ് ചൂണ്ടിക്കാട്ടുന്നു. പക്ഷേ രാഹുൽ തിരിച്ചെത്തിയാൽ കിഷന് ടീമിൽ കളിക്കാൻ പറ്റില്ല എന്നത് വ്യക്തമാണെന്നും കൈഫ് പറഞ്ഞു.
എന്നാൽ കൈഫിന്റെ ഈ അഭിപ്രായത്തെ വളരെ രൂക്ഷമായി വിമർശിക്കുകയായിരുന്നു ഗൗതം ഗംഭീർ. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും തുടർച്ചയായ മത്സരങ്ങളിൽ നാല് അർത്ഥ സെഞ്ച്വറികൾ നേടി നിൽക്കുന്ന സമയത്ത് പരിക്കേറ്റ ഒരു താരം തിരിച്ചെത്തിയാൽ ഇത്തരത്തിൽ ഇവരെ ഒഴിവാക്കുമോ എന്നാണ് ഗൗതം ഗംഭീർ ചോദിച്ചത്. ഇപ്പോൾ കിഷൻ മികച്ച ഫോമിലാണ് കളിക്കുന്നതെന്നും, അതിനാൽ തന്നെ പ്ലെയിങ് ഇലവനിൽ തുടരാൻ കിഷൻ അർഹനാണെന്നും ഗംഭീർ പറയുന്നു. രാഹുലുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചു മത്സരങ്ങളാണ് കിഷൻ കളിച്ചിട്ടുള്ളത്.
ഇതു മാത്രമാണ് ഇരുവരും തമ്മിലുള്ള വ്യത്യാസമെന്നും ഗംഭീർ കൂട്ടിച്ചേർത്തു. പരിക്ക് മൂലം പുറത്തായി പിന്നീട് തിരിച്ചെത്തിയ സമയത്ത് പകരക്കാരൻ മികച്ച പ്രകടനം നടത്തിയതിനാൽ ടീമിൽ സ്ഥാനം ലഭിക്കാതെ പോയ ഒരുപാട് കളിക്കാറുണ്ട് എന്ന് ഗംഭീർ പറയുന്നു. രാഹുൽ അഞ്ചാം നമ്പറിൽ തന്റെ കഴിവ് തെളിയിച്ച താരമാണെങ്കിലും, പാക്കിസ്ഥാനെ പോലൊരു ടീമിനെതിരെ അഞ്ചാം നമ്പരിൽ നിറഞ്ഞാടിയ ഇഷാൻ കിഷനെ പ്ലെയിങ് ഇലവനിൽ നിന്നും മാറ്റി നിർത്തുന്നത് അത്ര നല്ലതല്ല എന്നും ഗംഭീർ സൂചിപ്പിച്ചു.