2024-25 സീസൺ രഞ്ജി ട്രോഫിയിൽ കരുത്തരായ പഞ്ചാബിനെതിരെ കേരളത്തിന് മികച്ച ജയം. മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയതോടെ വിലപ്പെട്ട പോയന്റ് കൈവിട്ടെന്ന് കരുതിയ കളിയില്‍ ഉജ്ജ്വലമായി കളിച്ചാണ് കേരള പഞ്ചാബിനെതിരെ വിജയം നേടിയത്.
കേരളത്തിനായി ഈ സീസണില്‍ കളിക്കാനെത്തിയ മറുനാടന്‍ താരം ആദിത്യ സര്‍വാതെയാണ് രണ്ടാം ഇന്നിങ്‌സിലും പഞ്ചാബിനെ തകര്‍ത്തത്.രണ്ടാമിന്നിങ്സിൽ 158 റൺസായിരുന്നു കേരളത്തിന്റെ വിജയലക്ഷ്യം. വെറും 36 ഓവറുകളിൽ അത് കണ്ടെത്താൻ കേരളത്തിനായി.നാലാം ദിവസത്തെ ശക്തമായ ബോളിംഗ് പ്രകടനമാണ് കേരളത്തെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദിത്യ സർവാതെയുടെയും ജലജ് സക്സേനയുടെയും നേതൃത്വത്തിൽ കേരള ബോളർമാർ ആഞ്ഞടിച്ചതോടെ പഞ്ചാബ് ഒന്നാമിന്നിങ്സിൽ തകർന്നു.
വെറും 194 റൺസ് മാത്രമായിരുന്നു അവർക്ക് നേടാനായത്. സർവാതെ അഞ്ച് വിക്കറ്റുകളും, സക്സേന നാല് വിക്കറ്റുകളും നേടി.ആദ്യ ഇന്നിങ്സിൽ 179 റൺസിൽ കേരളത്തെ പുറത്താക്കി ടീമിന് 16 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിക്കൊടുത്ത പഞ്ചാബ് ലെഗ്ഗി മായങ്ക് മാർക്കണ്ഡെ തൻ്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു. പഞ്ചാബിന്റെ രണ്ടാം ഇന്നിങ്സ് 142 റൺസിൽ അവസാനിക്കുകയായിരുന്നു.
കേരളത്തിനായി സർവാതെ, ബാബ അപരാജിത് എന്നിവർ നാല് വിക്കറ്റുകളും സക്സേന രണ്ട് വിക്കറ്റുകളും നേടി.വിജയലക്ഷ്യമായ 158 റണ്‍സ് കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം അടിച്ചെടുത്തു. രോഹൻ കുന്നുമ്മൽ 36 പന്തുകളിൽ 48 റൺസ് നേടിയാണ് പുറത്തായത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(56) പുറത്തായെങ്കിലും ബാബ അപരാജിതിനൊപ്പം(39) സല്‍മാന്‍ നിസാറും(7) ചേര്‍ന്ന് വിജയത്തിലെത്തിച്ചു. അടുത്ത മത്സരത്തിൽ കേരളം കര്ണാടകയെ നേരിടും.