രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ കേരളത്തിന് നിര്‍ണായ ഒന്നാം ഇന്നിംഗ്സ് ലീഡ്. 127 റണ്‍സിന്‍റെ ലീഡാണ് കേരളം നേടിയത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 291 റൺസിന് മറുപടിയായി ബാറ്റിങിനിറങ്ങിയ ഹരിയാന 164 റണ്‍സിന് ഓള്‍ ഔട്ടായി.ഹരിയാന മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 139-7 എന്ന നിലയിലായിരുന്നു.
കേരളത്തിനായി എം ഡി നിധീഷും ബേസില്‍ തമ്പിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ എന്‍ പി ബേസില്‍ രണ്ട് വിക്കറ്റെടുത്തു.കേരളത്തെ 291 റൺസിൽ ഓൾഔട്ടാക്കിയ ശേഷം ബാറ്റിങിനിറങ്ങിയ ആതിഥേയരുടെ തുടക്കം മികച്ചതായില്ല.ഹരിയാനയുടെ ഓപ്പണർ യുവരാജ് സിംഗിനെ (20) പുറത്താക്കി ബേസിൽ എൻപിയാണ് ആദ്യ പ്രഹരം നൽകിയത്. തുടർന്ന് പത്ത് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബേസിൽ തമ്പി ലക്ഷ്യ സുമന്റെ(21) വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ അങ്കിത് കുമാറും എച്ച് ജെ റാണയും ചേർന്ന് ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും സ്‌കോർ എൺപതിൽ എത്തിയപ്പോൾ സൽമാൻ നിസാർ റാണയെ (17) റൺ ഔട്ടാക്കി.
സ്‌കോർ 125ൽ എത്തിയപ്പോൾ ജലജ് സക്‌സേന ഹൂഡയുടെ വിക്കറ്റെടുത്തതോടെ ഹരിയാന പരുങ്ങലിലായി. ഇന്ന് 29 റണ്‍സുമായി പൊരുതി നിന്ന നിഷാന്ത് സന്ധുവിനെ തുടക്കത്തിലെ പുറത്താക്കി ബേസില്‍ തമ്പിയാണ് ഹരിയാനക്ക് അവസാന ദിനം ആദ്യ പ്രഹരമേല്‍പ്പിച്ചത്.10 റണ്‍സെടുത്ത കാംബോജിനെ എന്‍ പി ബേസില്‍ പുറത്താക്കി.യാദവിനെബേസില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹരിയാനയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചു.
മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തിൽ 285 റൺസെന്ന നിലയിൽ ബാറ്റിങ് തുടർന്ന കേരളം ആറു റൺസ് ചേർക്കുന്നതിനിടെ ഓൾഔട്ടായി. ഇന്നലെ എട്ടു വിക്കറ്റുമായി കേരളത്തെ തകർത്ത അൻഷുൽ കാംബോജ് രണ്ട് വിക്കറ്റ് കൂടി വീഴ്ത്തി ഇന്നിങ്‌സിലെ മുഴുവൻ വിക്കറ്റും പിഴുത് അപൂർവ്വനേട്ടം സ്വന്തമാക്കി.