നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ റെക്കോർഡിനൊപ്പമെത്താൻ ഒരടി മാത്രം അകലെയാണ്. ഇന്ന് പാർലിലെ ബൊലാൻഡ് പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പര-നിർണ്ണയിക്കുന്ന 3-ആം ഏകദിനത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടാൻ ഒരുങ്ങുകയാണ്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ 1-1ന് സമനിലയിലാണ്. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം ആരംഭിക്കുക. ജൊഹാനസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ ഏകപക്ഷീയമായ തോൽവി ഏറ്റുവാങ്ങിയ ആതിഥേയർ ഗെബെർഹയിൽ നടന്ന രണ്ടാം ഏകദിനം ജയിച്ചിരുന്നു.ആദ്യ ഏകദിനത്തിൽ 116 റൺസിന് ഓൾഔട്ടായതിന് ശേഷം രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കാർ ശക്തമായ മറുപടി നൽകി.
ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിന പരമ്പര നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി കെഎൽ രാഹുൽ മാറും.2018 ൽ വിരാട് കോഹ്‌ലി ക്യാപ്ടനായിരിക്കുമ്പോൾ 5-1 ന് ഏകദിന പരമ്പരയിൽ ഇന്ത്യ വിജയം നേടിയിരുന്നു.കപിൽ ദേവ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സൗരവ് ഗാംഗുലി, എംഎസ് ധോണി തുടങ്ങിയ ലോക ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്മാർ ടീം ഇന്ത്യയ്ക്കുണ്ട്, എന്നാൽ ദക്ഷിണാഫ്രിക്കയിൽ 50 ഓവർ പരമ്പര നേടിയത് വിരാട് കോഹ്‌ലി മാത്രമാണ്.
2022 ൽ ദക്ഷിണാഫ്രിക്ക ഇന്ത്യ പര്യടനം നടത്തിയപ്പോൾ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 3 മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 ന് നേടിയെങ്കിലും അത് ഒരു ഹോം പരമ്പരയായിരുന്നു. കോലിയുടെ റെക്കോർഡിന് ഒപ്പമെത്താനുള്ള സുവർണ്ണാവസരമാണ് രാഹുലിന് മുന്നിലുള്ളത്.ഇന്ന് എല്ലാ കണ്ണുകളും KL രാഹുലിലേക്കായിരിക്കും.
ഇന്നലത്തെ മത്സരം ജയിച്ച് വിരാട് കോഹ്‌ലിയുടെ റെക്കോർഡിന് ഒപ്പമെത്തുക മാത്രമല്ല വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ആവശ്യമായ ഒരു വലിയ ഉത്തേജനം കൂടിയാവും.ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ടീം ഒരിക്കലും ഒരു ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. രോഹിത് ശർമ്മക്ക് സൗത്ത് ആഫ്രിക്കയിൽ റെഡ്-ബോൾ പരമ്പര നേടുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനായി മാറാൻ സാധിക്കുമോ ? എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ഇന്ത്യ- രജിത് പാട്ടിധാർ, സായി സുദർശൻ, തിലക് വർമ, സഞ്ജു സാംസൺ, കെ.എൽ രാഹുൽ, റിങ്കു സിങ്, അക്സർ പട്ടേൽ, ആകാശ് ദീപ്, അവേശ് ഖാൻ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്
ദക്ഷിണാഫ്രിക്ക – റീസാ ഹെൻഡ്രിക്സ്, ടോണി ഡി സോർസി, എയ്ഡെൻ മക്രം, റാസ്സീ വാൻ ഡെൻ ഡസ്സൻ, ഹെയ്ൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ബ്യൂറെൻ ഹെൻഡ്രിക്സ്, കേശവ് മഹാരാജ്, നന്ദ്രെ ബർഗർ, ലിസാഡ് വില്യംസ്