നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ എട്ട് വിക്കറ്റിൻ്റെ വിജയം രേഖപ്പെടുത്തിയതിന് ശേഷം ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ ലഖ്നൗ ആരാധകരിലെ എംഎസ് ധോണിയുടെ സ്വാധീനത്തെക്കുറിച്ച് തുറന്നു പറഞ്ഞു.മുൻ സിഎസ്കെ നായകൻ്റെ ജനപ്രീതി കാരണം ഹോം ഗ്രൗണ്ടിൽ കളിക്കുന്നത് “മിനി ചെന്നൈയിൽ” കളിക്കുന്നത് പോലെയാണ് തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു.
ഒമ്പത് പന്തിൽ 28* റൺസ് നേടിയ ധോണി ബാറ്റ് കൊണ്ട് മിന്നുന്ന പ്രകടനമാണ് 42 ആം വയസ്സിലും പുറത്തെടുക്കുന്നത്.ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ഭയം കാരണം ബൗളർമാർ എല്ലാവരും സമ്മർദ്ദത്തിലായതായി അദ്ദേഹം പറഞ്ഞു. ധോണി ക്രീസിലെത്തിയ സമയത്ത് ആരാധകർ ആർത്തുവിളിച്ചപ്പോൾ എൽഎസ്ജിയുടെ യുവ ബൗളർമാരും സമ്മർദ്ദത്തിലായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.
“എംഎസ്ഡി ക്രീസിലെത്തിയപ്പോൾ സമ്മർദ്ദം ബൗളർമാരിൽ എത്തി. എതിർ ബൗളർമാർക്ക് അദ്ദേഹത്തിൽ ഭയം ഉണ്ടായിരുന്നു.കാണികൾ ആർത്തുവിളിച്ചതോടെ യുവ ബൗളർമാർ സമ്മർദ്ദത്തിലായി.ഇതുമൂലം ചെന്നൈക്ക് 15-20 റൺസ് അധികമായി ലഭിച്ചു” രാഹുൽ പറഞ്ഞു. “ചെന്നൈയെ 160 ൽ പിടിച്ചുകെട്ടാം എന്നാണ് വിചാരിച്ചിരുന്നത് എന്നാൽ ധോണി ഇറങ്ങിയതോടെ ബൗളർമാർ സമ്മർദ്ദത്തിലായി”രാഹുൽ കൂട്ടിച്ചേർത്തു.
ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടായ ഏകന സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ നായകൻ കെ എൽ രാഹുലിന്റെയും ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെയും അർധസെഞ്ച്വറിയുടെ കരുത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒരു ഓവര്‍ ശേഷിക്കെ സൂപ്പർ ജയന്റ്സ് ജയത്തിലേക്ക് എത്തുകയായിരുന്നു.എൽഎസ്ജി ഐപിഎൽ സീസണിലെ നാലാം വിജയം രേഖപ്പെടുത്തി, നിലവിൽ പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഏപ്രിൽ 27ന് ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ അവർ രാജസ്ഥാൻ റോയൽസിനെ നേരിടും.