കന്നി സെഞ്ച്വറിയുമായി സഞ്ജു സാംസൺ , ഇന്ത്യ മികച്ച സ്കോറിലേക്ക് |Sanju Samson

പാർലിലെ ബൊലാൻഡ് പാർക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടി സഞ്ജു സാംസൺ.ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ 44-ാം ഓവറിൽ 110 പന്തിൽ നിന്നാണ് സാംസൺ മൂന്നക്കം കടന്നത്. കഴിഞ്ഞ വർഷം ലക്‌നൗവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ 86 റൺസ് നേടിയതായിരുന്നു സഞ്ജുവിൻറെ ഏറ്റവും മികച്ച പ്രകടനം.114 പന്തിൽ 108 റൺസെടുത്ത സഞ്ജുവിനെ ലിസാദ് വില്യംസ് പുറത്താക്കി.

നാലാം വിക്കറ്റില്‍ സഞ്ജു- തിലക് സഖ്യം 116 റണ്‍സെടുത്തു. നേരത്തെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനൊപ്പം 52 റണ്‍സ് കൂട്ടുകെട്ടും സഞ്ജു തീര്‍ത്തു.തിലക് വര്‍മ കന്നി ഏകദിന അര്‍ധ സെഞ്ച്വറി കുറിച്ചു. നാലാം വിക്കറ്റായി പിന്നാലെ തിലക് മടങ്ങി. 77 പന്തില്‍ 52 റണ്‍സെടുത്തു മടങ്ങി. അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് ഇന്നിങ്‌സ്. അരങ്ങേറ്റക്കാരന്‍ രജത് പടീധാര്‍ (22), സായ് സുദര്‍ശന്‍ (10), കെ എല്‍ രാഹുല്‍ (21), എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്കരം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. .രജത് പട്ടീദാര്‍- സായി സുന്ദർ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 16 പന്തിൽ നിന്നും 22 റൺസ് നേടിയ പട്ടീദാറിനെ ഇന്ത്യൻ സ്കോർ 34 ൽ നിൽക്കെ ബർഗർ ക്‌ളീൻ ബൗൾഡ് ചെയ്തു. 8 ആം ഓവറിൽ സ്കോർ 49 ൽ നിൽക്കെ 10 റൺസ് നേടിയ ഹെൻഡ്രിക്സ് സായി സുന്ദറിനെ വിക്കറ്റിന് മുന്നിൽ കുടുക്കി.

19 ആം ഓവറിൽ സ്കോർ 101 ൽ നിൽക്കെ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി.35 പന്തിൽ നിന്നും രണ്ടു ബൗണ്ടറിയടക്കം 21 റൺസാണ് രാഹുൽ നേടിയത്. ഒരു വശത്ത് നിലയുറപ്പിച്ച സഞ്ജു സാവധാനം ഇന്ത്യൻ ഇന്നിഗ്സ് മുന്നോട്ട് കൊണ്ട് പോയി. 28 ആം ഓവറിൽ ഇന്ത്യൻ സ്കോർ 120 ൽ നിൽക്കെ സഞ്ജു അർദ്ധ സെഞ്ച്വറി തികച്ചു. 66 പന്തിൽ നിന്നും 4 ബൗണ്ടറികളോടെയാണ് സഞ്ജു ഫിഫ്റ്റി തികച്ചത്. ഏകദിനത്തിൽ മലയാളി താരത്തിന്റെ നാലാമത്തെ ഫിഫ്റ്റി ആയിരുന്നു ഇത്.

ബർഗറിനെതിരെ സികസർ പറത്തി സഞ്ജു ആദ്യ സെഞ്ചുറിയിലേക്ക് അടുത്തു. ഏകദിനത്തിലെ തന്റെ ഉയർന്ന സ്കോറും സ്വന്തമാക്കി. ആ ഓവറിൽ തന്നെ തിലക് വർമ്മ അർദ്ധ സെഞ്ച്വറി തികച്ചു. 76 പന്തിൽ നിന്നും 5 ഫോറും ഒരു സിക്‌സും അടക്കമാണ് ഫിഫ്റ്റി തികച്ചത്. അടുത്ത് ഓവറിൽ ഇന്ത്യൻ സ്കോർ 217 ൽ നിൽക്കെ 52 റൺസ് നേടിയ തിലക് വർമയെ ഇന്ത്യക്ക് നഷ്ടമായി. കേശവ് മഹാരാജിനാണ് വിക്കറ്റ് ലഭിച്ചത്. 44 ആം ഓവറിലെ അവസാന പന്തിൽ സിഗിളെടുത്ത് സഞ്ജു സാംസൺ തനറെ ആദ്യ സെഞ്ച്വറി നേടി.